
ഇസ്ലാമാബാദ്: ഇന്ത്യയില് നിന്ന് മടങ്ങുമ്പോള് കയ്യില് ലോകകപ്പ് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പാക് നായകന് ബാബര് അസം. പാക് ടീമിനെ നയിക്കാന് സാധിച്ചത് ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്നും ഇന്ത്യയില് കളിക്കുന്നതിന്റെ യാതൊരു സമ്മര്ദ്ദവുമില്ലെന്നും ബാബര് അസം പറഞ്ഞു. ഐസിസി പുരുഷ ലോകകപ്പിനായി ടീം ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില് നടന്ന വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു താരം.
'ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില് നമുക്കെല്ലാവര്ക്കും അഭിമാനമുണ്ട്. ഇന്ത്യയിലാണ് ലോകകപ്പ് കളിക്കുന്നതെന്ന സമ്മര്ദ്ദം ഞങ്ങള്ക്കില്ല. ഏത് രാജ്യത്തും ഏത് സാഹചര്യങ്ങളിലും കളിക്കാന് എല്ലാ താരങ്ങളും സ്വയം പാകപ്പെടണം. ഞങ്ങളില് ഭൂരിഭാഗവും ഇന്ത്യയില് കളിച്ചിട്ടില്ല. എന്നാല് മറ്റ് ഏഷ്യന് രാജ്യങ്ങളിലേതിന് സമാനമായ സാഹചര്യങ്ങള് തന്നെയാണ് ഇന്ത്യയിലെന്ന് ഞങ്ങള് കേട്ടിട്ടുണ്ട്', ബാബര് പറഞ്ഞു. '2019 ലോകകപ്പില് വെറുമൊരു കളിക്കാരനായാണ് ഞാന് പങ്കെടുത്തത്. എന്നാല് ഇത്തവണ ഞാന് ടീമിനെ നയിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ ബഹുമതിയാണ്. മികച്ച പ്രകടനം നടത്തി ലോകകിരീടവുമായി ഇന്ത്യയില് നിന്ന് മടങ്ങണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്', ക്യാപ്റ്റന് വ്യക്തമാക്കി.
'നിര്ഭാഗ്യവശാല് ആരാധകരെ ഞങ്ങള് മിസ് ചെയ്യും. ടിക്കറ്റുകളെല്ലാം വിറ്റുപോയ സാഹചര്യത്തില് ഞങ്ങളുടെ മത്സരങ്ങളെല്ലാം നിറഞ്ഞ സ്റ്റേഡിയത്തിലാണ് കളിക്കുക. പക്ഷേ ആ സ്റ്റേഡിയങ്ങളില് ഞങ്ങളുടെ ആരാധകര് ഉണ്ടാവില്ല. എങ്കിലും അവരുടെ സ്നേഹം ഞങ്ങള്ക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു', 28കാരനായ താരം കൂട്ടിച്ചേര്ത്തു.
വിസ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ട് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനുള്ള തയ്യാറെടുപ്പിലാണ് പാക് ദേശീയ ടീം. 2016ന് ശേഷം ആദ്യമായാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബര് 29ന് പാകിസ്താന് ന്യൂസിലന്ഡിനെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദില് വെച്ചാണ് മത്സരം നടക്കുന്നത്. ഇതു കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളിലും ബാബര് അസമും സംഘവും പങ്കെടുക്കാനുണ്ട്. ഒക്ടോബര് ആറിന് നെതര്ലന്ഡ്സിനെതിരെയാണ് ലോകകപ്പില് പാകിസ്താന്റെ ആദ്യമത്സരം. ഒക്ടോബര് 14 നാണ് ആരാധകര് കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം നടക്കുക.