
കപിൽ ദേവ്, ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർ. 1983 ലോകകപ്പിലെ ഇന്ത്യയുടെ ഹീറോ. 5000 റൺസും 400 വിക്കറ്റും നേടിയ ടെസ്റ്റ് ക്രിക്കറ്റിലെ ഏക താരം. 2002ൽ ഇന്ത്യൻ ക്രിക്കറ്റിന്റെ നൂറ്റാണ്ടിന്റെ താരമായി കപിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് തുടക്കമായത് കപിലിന്റെ നേതൃത്വത്തിലുള്ള ലോകകപ്പ് നേട്ടത്തോടെയാണ്. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പലതവണ കപിൽ ഒഴിവാക്കപ്പെട്ടു. ഇംഗ്ലീഷ് അറിയില്ലെന്നത് ഇതിനൊരു കാരണമായി.
കപിൽ ദേവിനെ എങ്ങനെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കും? കപിലിന് ഇംഗ്ലീഷ് അറിയില്ല. ഈ ചോദ്യം നേരിട്ടിട്ടുള്ളതായി കപിൽ മുമ്പ് പറഞ്ഞിട്ടുണ്ട്. ചോദ്യത്തിന് ഓക്സ്ഫോർഡിൽ നിന്നുള്ള വ്യക്തിയോട് കപിൽ പറഞ്ഞത് രസകരമായ മറുപടിയാണ്. ഭാഷയെന്നത് ആശയവിനിമയത്തിനുള്ള ഉപാധിയാണ്. താൻ ഓക്സ്ഫോർഡിൽ നിന്നുള്ള വ്യക്തിയല്ല. പഞ്ചാബിൽ നിന്നുള്ള താരമാണ്. അതിനാൽ പഞ്ചാബി ഉച്ചാരണമാണ് തനിക്കുള്ളതെന്നും കപിൽ വ്യക്തമാക്കി.
1983ലെ ലോകകപ്പ് ജയത്തിന് ശേഷം കപിൽ ദേവ് നായകസ്ഥാനത്ത് നിന്നും നീക്കപ്പെട്ടു. 1985ലെ വേൾഡ് സീരിസ് ക്രിക്കറ്റിൽ സുനിൽ ഗാവസ്കറായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. എന്നാൽ 1987ലെ ലോകകപ്പിൽ കപിൽ ദേവ് വീണ്ടും ഇന്ത്യൻ ക്യാപ്റ്റനായി. 1992ലെ കപിലിന്റെ അവസാന ലോകകപ്പിൽ മുഹമ്മദ് അസറുദീൻ ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക