'ഇന്ത്യ ലോകത്തിൻ്റെ ക്യാൻസർ തലസ്ഥാനം'; എന്തുകൊണ്ട്?

ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത അവസ്ഥകൾ ഗുരുതരമായ തലത്തിലെത്തുകയും രാജ്യത്തിൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
'ഇന്ത്യ ലോകത്തിൻ്റെ ക്യാൻസർ തലസ്ഥാനം'; എന്തുകൊണ്ട്?

ആശങ്ക ഉയർത്തി ഇന്ത്യയുടെ ആരോഗ്യത്തെക്കുറിച്ചുള്ള പുതിയ പഠനം. സാംക്രമികേതര രോഗങ്ങൾ വർദ്ധിച്ചുവരികയാണെന്നും രാജ്യവ്യാപകമായി ക്യാൻസർ കേസുകൾ ഉയരുകയാണെന്നുമാണ് പഠനം പറയുന്നത്. 2024-ലെ ലോകാരോഗ്യ ദിനത്തിനായി അപ്പോളോ ആശുപത്രി പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയെ "ലോകത്തിൻ്റെ ക്യാൻസർ തലസ്ഥാനം" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കാരിൽ രാജ്യത്തെ മൂന്നിലൊരാൾ പ്രീഡയബറ്റിക്കും മൂന്നിൽ രണ്ടുപേർ പ്രീ ഹൈപ്പർടെൻസീവും പത്തിലൊരാൾ വിഷാദരോ​ഗികളും ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത അവസ്ഥകൾ ഗുരുതരമായ തലത്തിലെത്തുകയും രാജ്യത്തിൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

അർബുദ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്ക ഉയർത്തുന്നതാണ്. ആഗോള ശരാശരിയേക്കാൾ കൂടുതലാണിത്. പ്രായപൂർത്തിയാകാത്തവരിൽ പ്രീ-ഡയബറ്റിസ്, പ്രീ-ഹൈപ്പർടെൻഷൻ, മാനസികാരോഗ്യ വൈകല്യങ്ങൾ എന്നിവ കൂടുതലായി നിർണയിക്കപ്പെടുന്നതും ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നാഷണൽ സെൻ്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് ആൻഡ് റിസർച്ചും (എൻസിഡിഐആർ) പറയുന്നതനുസരിച്ച്, ഇന്ത്യയിൽ കാൻസർ രോഗബാധിതരുടെ എണ്ണം വർഷങ്ങളായി ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വ്യാപകമായ പുകയില ഉപയോഗം, ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളിലെ അർബുദ സാധ്യത ഗണ്യമായി ഉയർത്തുന്നു. കൂടാതെ, വാഹനങ്ങളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമുള്ള വായു മലിനീകരണം ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ അർബുദത്തിലേക്ക് തള്ളിവിടാനുള്ള സാധ്യത വർധിപ്പിക്കും. ക്യാൻസർ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും കൃത്യസമയത്ത് രോഗ നിർണയം നടത്താത്തതും രോഗ സാധ്യത രൂക്ഷമാക്കുന്നു. ക്യാൻസറിന്റെ ഒരു പ്രധാന പ്രശ്നമെന്നത് വൈകിയുള്ള രോഗനിർണയവും ശരിയായ ചികിത്സ നൽകാത്തതുമാണ്. ക്യാൻസർ സൂചനകളെപ്പറ്റിയുള്ള അറിവ് നമുക്കുണ്ടാവണം. പ്രധാനമായും ശരീരത്തിലുള്ള മുഴകളും തടിപ്പുകളും ശ്രദ്ധിക്കണം. വായിൽ കാണപ്പെടുന്ന വെളുത്തപാടുകൾ, പുകവലിക്കുന്നവരിൽ കാണുന്ന ഒച്ചയടപ്പും തുടർച്ചയായ വരണ്ട ചുമയും, അസാധാരണമായ രക്തസ്രാവം എന്നിവ സംശയിക്കേണ്ടതുണ്ട്.

പ്രത്യേകിച്ച് 50 വയസിനു മുകളിലുള്ളവരാണെങ്കിൽ ഉറപ്പായും ചികിത്സ തേടണം. ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും ഉണങ്ങാത്ത മുറിവുകൾ വലുതായി വരുന്നുവെങ്കിലും ശ്രദ്ധിക്കണം. സ്തനങ്ങളിൽ വരുന്ന തടിപ്പുകൾ, നിപ്പിളിലൂടെയുള്ള ഡിസ്ചാർജ്, കക്ഷത്തു കാണുന്ന കഴലകൾ എന്നിവ സ്ത്രീകളും ശ്രദ്ധിക്കണം. കാൻസറിന്റെ പ്രധാന കാരണം ജനിതകമാണ്. ജീനുകളിൽ വരുന്ന മാറ്റങ്ങളാണ് അടിസ്‌ഥാനപരമായ കാരണം. എന്നാലത് വരാനുള്ള ഓരോ ഘടകങ്ങളുണ്ട്. ഭക്ഷണശീലം, മദ്യപാനം, പുകവലി എന്നിവയൊക്കെ ഇതിന് കാരണമാകാം. കോശങ്ങളിലെ ജീനുകളിലാണ് മാറ്റങ്ങളുണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണമുൾപ്പടെയുള്ള നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും പല രീതിയിൽ ബാധിക്കാന്‍ സാധ്യതയുണ്ട്. വ്യായാമ രഹിതമായ ജീവിതവും മറ്റൊരു ഘടകമാണ്. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധി വരെ നമുക്ക് ക്യാന്‍സറിനെ ചെറുത്തുതോൽപ്പിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com