
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സ് ഒരു പ്രധാന ഘടകമാണ്. ഇന്ന് ലോക മാനസികാരോഗ്യ ദിനം. 'മാനസിക ആരോഗ്യം ഒരു സാർവത്രിക മനുഷ്യാവകാശമാണ്' എന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ മാനസികാരോഗ്യദിനം ആചരിക്കുന്നത്. 'നിങ്ങളുടെ മാനസികാരോഗ്യമാണ് ഏറ്റവും പ്രധാനം. അതിന് മുൻഗണന നൽകുക. നിങ്ങളുടെ ജീവിതം അതിനെ ആശ്രയിച്ചിരിക്കുന്നു എന്നതിനാല് അതിനായി സമയം കണ്ടെത്തുക. കാരണം നിങ്ങളുടെ ജീവിതം മാനസികാരോഗ്യത്തെ ആശ്രയിച്ചു നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം,' മെൽ റോബിൻസ് എന്ന അമേരിക്കൻ എഴുത്തുകാരിയുടെ ഈ വാക്കുകളിലുണ്ട് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം.
സർവ്വ ജീവിത സുഖങ്ങളും നേടിയാലും ഡിപ്രഷന്റെയോ മറ്റ് മാനസിക രോഗങ്ങളുടെയോ പിടിയിലേക്ക് വീഴാനുള്ള സാധ്യതകൾ ഏറെയാണ്. അവ വ്യക്തി ബന്ധങ്ങളെ ബാധിക്കുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കുറച്ച് പേരെയെങ്കിലും മരണത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. യുവാക്കൾക്കിടയിൽ മാനസികരോഗങ്ങളുടെ തോത് കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. മനസികാരോഗ്യമില്ലാത്ത യുവത്വം ബാധിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യത്തെ തന്നെയാണ്.
നമ്മെ പരിചരിക്കാൻ നാം തന്നെ അല്പം സമയം മാറ്റിവയ്ക്കേണ്ടതിന്റെ ആവശ്യകതകളിലേക്കാണ് ഈ ദിവസം വിരൽ ചൂണ്ടുന്നത്. വ്യക്തിപരമായി സന്തോഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെട്ടും നല്ല സൗഹൃദ വലയം സൃഷ്ടിച്ചും ആദ്യ ചുവടുവയ്പ്പ് സുരക്ഷിതമാക്കാം. മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ ഉണ്ടായാൽ അടുപ്പമുള്ളവരോട് പങ്ക് വയ്ക്കാം. എന്നിട്ടും മാനസിക പ്രശ്നത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ലെങ്കിൽ ചികിത്സ തേടാം. ശാരീരികമായി രോഗം ഉണ്ടായാൽ എപ്രകാരമാണോ നാം ചികിത്സ തേടുന്നത്, അതുപോലെ തന്നെ സ്വാഭാവികമായ ഒന്നാണ് മാനസികാരോഗ്യ ചികിത്സയെന്ന് മനസിലാക്കാം.
നമ്മുടെ പരിചയത്തിലുള്ളവരാണ് ഇത്തരം പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നതെങ്കിൽ അവർക്കൊപ്പം നിൽക്കാം. അവർക്ക് പറയാനുള്ളത് കേൾക്കാൻ ഒരൽപം സമയം മാറ്റിവയ്ക്കാം. അപ്പോഴും നമ്മളൊരു മാനസികാരോഗ്യ വിദഗ്ദൻ അല്ലെന്നത് ഓർമ്മ ഉണ്ടായിരിക്കുക. ആവശ്യ സാഹചര്യങ്ങളിൽ സുഹൃത്തിനെ ചികിത്സ തേടാൻ പ്രേരിപ്പിക്കുക. അല്ലാത്തപക്ഷം അത് നമ്മുടെ കൂടി മാനസികാരോഗ്യത്തെ ബാധിക്കുകയും സുഹൃത്തിനെ കൂടുതൽ അപകടത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. മാനസികാരോഗ്യം ഒരു ആഗോള മനുഷ്യാവകാശമാണ്. അതിനായി ഒറ്റക്കെട്ടായി കൈകോർക്കം.