
ഒരു കപ്പ് കാപ്പിയോ, ചായയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നാം. ദിവസം ഉന്മേഷത്തോടെ ആരംഭിക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ലെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ സ്‌ട്രെസ് കൂടുന്നതിനനുസരിച്ച്, ജോലിഭാരത്തെ തുടര്‍ന്നുള്ള തളര്‍ച്ചയെ അതിജീവിക്കാന്‍, പഠിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ കാപ്പിയും ചായയും ആവര്‍ത്തിച്ച് കുടിച്ചുകൊണ്ടിരിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ അതത്ര നല്ല ശീലമല്ല. ചായയ്ക്കും കാപ്പിക്കും പകരം ഒരു ഗ്ലാസ് ചൂടിവെള്ളമോ, പഴച്ചാറോ കുടിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പ്രശസ്ത മോഡലായിരുന്ന മിലിന്ദ് സോമന്‍ പണ്ട് മോഡലുകള്‍ക്കിടയില്‍ കാപ്പിക്കും ചായയ്ക്കും ഉണ്ടായിരുന്ന സ്വാധീനത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ജോലിയിലെ അമിത സമ്മര്‍ദം മൂലം നിത്യവും 15-20 കപ്പ് കാപ്പി കുടിക്കുന്നവരായിരുന്നു അദ്ദേഹത്തിന് പരിചയമുള്ള പല മോഡലുകളുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പണ്ടെന്നോ വായിച്ചുള്ള ഓര്‍മയില്‍ ശരീരത്തിന് ഹാനികരമാണെന്ന തിരിച്ചറിവില്‍ ചായയും കാപ്പിയും താന്‍ ശീലമാക്കിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
'വളരെ ചെറുപ്പം മുതല്‍ തന്നെ ചായയോ, കാപ്പിയോ കുടിക്കുന്ന ശീലം ഞാന്‍ വളര്‍ത്തിയെടുത്തിരുന്നില്ല. ആരോഗ്യത്തിന് ഇത് ഹാനികരമാണെന്ന് കുട്ടിക്കാലത്ത് എപ്പോഴോ വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സാധാരണഗതിയില്‍ മോഡലുകള്‍ ഒരു ദിവസം ധാരാളം ചായയും കാപ്പിയും, 15 മുതല്‍ 20 കപ്പ് വരെ, കുടിക്കും. അവര്‍ പുകവലിക്കും മദ്യം കഴിക്കും..സമ്മര്‍ദം കാരണമാണ് ഇത്തരം ശീലങ്ങളിലേക്ക് ആളുകള്‍ എത്തുന്നത്.' മിലിന്ദ് പറയുന്നു.
ഉയര്‍ന്ന സമ്മര്‍ദത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ആശ്വാസം കണ്ടെത്തുന്നത് ചായയിലോ കാപ്പിയിലോ ആണെന്നുള്ളത് ഒരു സത്യമാണ്. എന്നാല്‍ ഇത് ശരീരത്തിനുണ്ടാകുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് പലരും ബോധവാന്മാരുമല്ല.
ദിവസം 15-20 കപ്പ് കാപ്പിയോ ചായയോ കുടിച്ചാല്‍ എന്തുസംഭവിക്കും?
അമിത അളവിലുള്ള കഫീന്‍ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡല്‍ഹിയിലെ സികെ ബിര്‍ള ആശുപത്രിയിലെ ഡോക്ടറായ ഡോ.നരേന്ദര്‍ സിഗ്ല പറയുന്നു. ഉറക്കക്കുറവ്, ആശങ്ക, ഉയര്‍ന്ന രക്തസമ്മര്‍ദം, വിശ്രമിക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ അമിതമായ കാപ്പി-ചായ കുടി കാരണം ഉണ്ടായേക്കാം. ഇരുമ്പിന്റെ ആഗിരണത്തെ ഇത് തടസ്സപ്പെടുത്തും. സ്വാഭാവികമായും അനീമിയ ബാധിക്കും. ദീര്‍ഘകാലം ഈ ശീലം തുടരുകയാണെങ്കില്‍ ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം ഉയരുക എന്ന അവസ്ഥയ്ക്ക് കാരണമാകും. കഫീന്‍ മാനസികനില, പ്രതിരോധശക്തി, കഫീന്‍ ആസക്തി എന്നിവയ്ക്ക് കാരണമാകും. ദീര്‍ഘകാല ഉപയോഗത്തിന് ശേഷം ഇത് നിര്‍ത്താന്‍ തീരുമാനിച്ചാല്‍ പിന്നെ വിത്‌ഡ്രോവല്‍ സിംപ്റ്റംസ് ആയ തലവേദനയ്ക്കും തളര്‍ച്ചയ്ക്കും കാരണമാകും.
സമ്മര്‍ദത്തെ മറികടക്കാന്‍ മദ്യപാനത്തോടൊപ്പം പുകവലിക്കുന്നവര്‍
ഇതിനേക്കാള്‍ വിഷമയമായ കോക്ടെയ്ല്‍ ഇല്ലെന്ന് ഡോക്ടര്‍ സിഗ്ല പറയുന്നു. പുകവലിയും മദ്യവും അര്‍ബുദത്തിന് കാരണമാകുന്നവയാണ്. ഉയര്‍ന്ന അളവില്‍ ഹൃദയം, കരള്‍, ന്യാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ശരീരത്തെ നിര്‍ജലീകരിക്കുന്നു. ഉറക്കപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള, ഹൃദയാരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തികളില്‍ ഉത്കണ്ഠയും മാനസികാവസ്ഥയിലെ മാറ്റങ്ങളും ഗുരുതരമാകുന്നു. അതുകൊണ്ട് ചായ/കാപ്പി കുടി ശീലം, പുകവലി, മദ്യപാനം എന്നീ മൂന്നുശീലങ്ങള്‍ ഒരുമിച്ചുള്ളവരില്‍ ഉണ്ടാകുക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളായിരിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
content Highlights: what happens to the body when caffeine becomes a daily crutch