
വര്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതയെ മുന്നിര്ത്തി എല്ലാ വര്ഷവും സെപ്റ്റംബര് പത്താം തിയ്യതി ലോകാരോഗ്യ സംഘടന ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുകയാണ്. പ്രതിവര്ഷം 10 ലക്ഷത്തോളം മരണങ്ങള് ആഗോളതലത്തില് ഉണ്ടാകുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് സൂചിപ്പിക്കുന്നത്. ഇതില് ഏഴ് ലക്ഷത്തിലധികവും ആത്മഹത്യകളാണ്. ഈ ആത്മഹത്യകളില് പൊലിയുന്നതേറെയും 15-നും 29-നും ഇടയില് പ്രായമുള്ളവര്.
ആത്മഹത്യ പ്രവണത തടയുന്നതിനൊപ്പം പൊതുസമൂഹത്തിന് അവബോധമുണ്ടാകേണ്ടതും പ്രധാനമാണ്. ഒരു ആശ്വസിപ്പിക്കലിലോ കൈത്താങ്ങിലോ രക്ഷപ്പെട്ടേക്കാവുന്ന പല ജീവനുകളും നമ്മുടെ അശ്രദ്ധയില് പൊലിയാതിരിക്കാന് കൂട്ടായി ശ്രമിക്കാം. ആത്മഹത്യ എന്ന തോന്നലില് നിന്ന് നമ്മുടെ സഹജീവികളെ അകറ്റി നിര്ത്താന് എന്തെല്ലാം മാര്ഗങ്ങള് സ്വീകരിക്കാം എന്നതിനെ കുറിച്ചും, സമൂഹം എത്രത്തോളം ജാഗ്രത പുലര്ത്തണം എന്നതിനെ കുറിച്ചും എറണാകുളം റിനെ മെഡിസിറ്റിയിലെ ക്ലിനിക്കല് സൈക്കോളജിസ്റ്റ്, അനീറ്റ മേരി നിക്കോളാസ് റിപ്പോര്ട്ടര് ലൈവിനോട് സംസാരിക്കുന്നു.
കുട്ടികളിലെ ആത്മഹത്യ പ്രവണത
മുന്നോട്ടുള്ള എല്ലാ വഴികളും അടഞ്ഞു എന്ന തീവ്രമായ ചിന്തയിലെത്തുമ്പോഴാണ് ആത്മഹത്യ എന്ന തീരുമാനമെടുക്കാന് പലരെയും പ്രേരിപ്പിക്കുന്നത്. യുവാക്കളില് അത് കൂടുതലായി കാണുന്നതിന്റെ പ്രധാന കാരണം അവര്ക്ക് സ്വന്തം പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനോ പരിഹരിക്കുവാനോ ഉള്ള കഴിവ് ഇല്ലാതാകുന്നതു കൊണ്ടും മറ്റുള്ളവരുമായി നേരിട്ട് ഇടപെടാനുള്ള അവസരം ലഭിക്കാത്തതുകൊണ്ടുമാണ്.
കൊവിഡ് സമയവും ലോക്ക്ഡൗണുമൊക്കെയായപ്പോള്, അത് ഏറ്റവും കൂടുതല് മാനസികമായി ബാധിച്ചത് വിദ്യാര്ത്ഥികളെയാണ്. ഇപ്പോഴും പലരും ആ അവസ്ഥയില് നിന്ന് പൂര്ണമായും കരകയറിയിട്ടില്ല എന്നതാണ് സത്യം. ഒപ്പം, കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലുമൊക്കെ സോഷ്യല് സ്കില്സ് (സമൂഹവുമായുള്ള തുറന്ന ഇടപെടല്) നഷ്ടപ്പെട്ടു. എന്തെങ്കിലുമൊരു ബുദ്ധിമുട്ടുണ്ടായാല് അത് കൂടെയുള്ളവരോട് പറയുകയും പ്രശ്നങ്ങള് ചര്ച്ച ചെയ്യുകയും പരിഹാരം തേടുകയുമൊക്കെ ചെയ്യാനുള്ള താല്പര്യക്കുറവ് മാത്രമല്ല, ഇങ്ങനെയൊരു ഓപ്ഷന് ഉണ്ടെന്നുള്ള ഓര്മ്മ പോലും അവര് മറന്നു പോകുന്നു.
വെര്ച്വല് ജീവിതത്തിനേക്കാള് മാനസിക സന്തോഷം തരും നേരിട്ടുള്ള ഇടപെടലുകള്
സമ്മര്ദ്ദമുള്ള അവസ്ഥകള്, സാഹചര്യങ്ങള് അങ്ങനെയുളള സന്ദര്ഭങ്ങളൊക്കെ ഇപ്പോഴത്തെ കുട്ടികള്ക്ക് വളരെ കുറവാണ്. ടെന്ഷന് ഫ്രീയാക്കി, ഇഷ്ടപ്പെട്ടതൊക്കെ നല്കി, വളരെ കംഫര്ട്ട് സോണിലാക്കിയാണ് അവരെ വളര്ത്തുന്നത്. മാത്രമല്ല, പുറത്തു പോയി ഇടപെടുന്നതിനേക്കാള് മുറിക്കുള്ളിലിരുന്ന് മൊബൈല് ഫോണും മറ്റ് ഗാഡ്ജെറ്റ്സുകളുമൊക്കെയായി ബന്ധപ്പെട്ട തലത്തിലേക്ക് അരുടെ ജീവിതം വഴിമാറുന്നു. കുട്ടി അതും കൊണ്ട് വീടിനുള്ളില് സെയ്ഫായി ഇരുന്നുകൊള്ളട്ടെ എന്നാണ് മാതാപിതാക്കളും കരുതുക. അത് വലിയ അപകടമാണ്.
സോഷ്യല് സ്കില്സ് കുട്ടികളില് വളര്ത്തിയെടുക്കണമെങ്കില് ചെറുപ്പം മുതലേ, മറ്റുള്ളവരുമായി ഇടപെടാന് അവസരം കൊടുക്കണം.
ഒന്ന്, ഒരു പ്രശ്നമുണ്ടായാല്, അതെന്തുമാകട്ടെ, പരിഹരിക്കാന് കഴിയും എന്ന 'പ്രോബ്ലം സോള്വിംഗ് സ്കില്'(പ്രശ്ന പരിഹാര വൈദഗ്ധ്യം) ഉണ്ടാകണം. അത് ഒരു മനുഷ്യന് അത്യാവശ്യം വേണ്ടതാണ്. പ്രശ്നമുള്ള സാഹചര്യങ്ങള് ഉണ്ടാകണം. തീരെ ചെറിയ പ്രായത്തിലെ ചെറിയ ചെറിയ പ്രതിസന്ധികള് ഉണ്ടാവുകയും ടെന്ഷനാകുകയും അത് പരിഹരിക്കാന് സ്വയം പ്രാപ്തമാവുകയും വേണം. പരിഹരിക്കാന് കഴിയുന്നതാണ് എന്ത് പ്രശ്നമെന്നുമുള്ള ചിന്ത കുട്ടികളില് ഉണ്ടാകണം. അത് അനുഭവത്തിലൂടെ മാത്രമേ സാധിക്കൂ.
രണ്ട്, 'സോഷ്യല് സ്കില്' (സമൂഹിക വൈദഗ്ധ്യം) ആണ്. കൈയ്യിലൊതുങ്ങുന്ന ഫോണല്ല ലോകമെന്നും ചുറ്റുമുള്ള മനുഷ്യരുമായുള്ള ഇടപെടലുകളാണ് പ്രധാനമെന്നുള്ള ചിന്ത ഉണ്ടാക്കിയെടുക്കണം. മറ്റുള്ളവരുമായുള്ള ആശയവിനിമയം സ്വയം ജീവിക്കാനുള്ള പ്രേരണയുണ്ടാകുന്നതാണ്. ഈ രണ്ട് സ്കില്ലുകളും സ്വയം ഉണ്ടാക്കിയെടുക്കണം. ഇതില്ലാതാകുമ്പോഴാകാം തനിക്കാരുമില്ല, ജീവിതമവസാനിപ്പിക്കാം എന്ന തോന്നലിലേക്കെത്തുന്നത്.
അവര് നല്കുന്ന ഒരോ ചെറിയ സൂചനയും ഗൗരവമുള്ളതാണ്
ആത്മഹത്യ പ്രവണതയില് നിന്ന് സ്വയം വിട്ടു നില്ക്കാന് തുറന്ന ഇടങ്ങള് തന്നെയാണ് നല്ലത്. ആത്മഹത്യ ചെയ്യാന് തോന്നുന്നു എന്ന് പറയാന് സ്വാതന്ത്ര്യമുള്ള മനുഷ്യര് നമുക്കുണ്ടാവണം. ഉദാഹരണത്തിന്, വാട്സാപ്പ് സ്റ്റാറ്റസിലൂടെയോ പ്രൊഫൈല് പിക്ച്ചറിലൂടെയോ ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെയോ ഒക്കെ നമ്മള് ഇമോഷന്സ് പുറത്ത് കാണിക്കാറുണ്ട്. അങ്ങനെയുള്ള സ്റ്റാറ്റസുകള് നമ്മുടെ സുഹൃത്തുക്കളുടെയോ സ്വന്തക്കാരുടെയോ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളില് കണ്ടാല് ആ വ്യക്തിയെ വിളിക്കുകയോ നേരില് കാണുകയോ ചെയ്ത് എന്തുപറ്റി എന്ന് ചോദിക്കാം. അതില് വീട്ടുകാര്ക്കും സുഹൃത്തുക്കള്ക്കും അധ്യാപകര്ക്കും ഇടപെടാന് സാധിക്കും.
ആത്മഹത്യ പ്രതിരോധത്തില് സമൂഹത്തിന് വലിയ ഒരു റോളുണ്ട്. തുറന്ന് സംസാരിക്കണമെന്നും ആത്മഹത്യയല്ല വേറെ പരിഹാരങ്ങളുണ്ട് എന്നും സമൂഹം പറഞ്ഞു കൊടുക്കണം.
പലരും ഭയക്കുന്നുണ്ടാകും ഇത്തരം വിചാരങ്ങളെ കുറിച്ച് ഓപ്പണായി സംസാരിക്കാമോ എന്ന്, സംസാരിക്കാം. ഒരു പരിധിവരെ തുറന്ന സംസാരങ്ങള്ക്ക് ആത്മഹത്യയെന്ന തോന്നല് ഇല്ലാതാക്കാന് സഹായിക്കും. എന്നാല് ഇന്ന് 'ട്രസ്റ്റ് ഇഷ്യു' എന്ന ഒരു കാര്യവും ഉണ്ട്. എങ്ങനെ മറ്റൊരാളെ വിശ്വസിച്ച് തന്റെ പ്രശ്നങ്ങള് അറിയിക്കും, അവര് എന്തു വിചാരിക്കും എന്നുള്ള ചിന്ത. കൂടാതെ ചുറ്റുമുള്ളവരില് നിന്നുള്ള മോശമായ അനുഭവങ്ങളും. അതൊക്കെക്കൊണ്ട് സ്വന്തം വിഷമങ്ങളും വേദനകളും ഉള്ളില്വെച്ച് വലുതാക്കും. ചിലപ്പോള് വീട്ടിലുള്ളവരോട് പോലും പറയാനുള്ള സ്വാതന്ത്ര്യം ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. അതിന് കാരണം, കിട്ടുന്ന സമയം അവനവന്റെ ഗാഡ്ജറ്റില് ജീവിതം തീര്ക്കുന്നതുകൊണ്ടാണ്. മക്കള്ക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് മാതാപിതാക്കള്ക്ക് സ്വപ്നത്തില് പോലും അറിവുണ്ടാകില്ല. അവരുടേത് സോഷ്യല് മീഡിയ ലോകമായി മാറിക്കഴിഞ്ഞു.
ഏറ്റവും നല്ല കേള്വിക്കാരാകുന്നത് ആത്മഹത്യ പ്രവണത കുറച്ചേക്കാം
''കുരയ്ക്കുന്ന പട്ടി കടിക്കില്ല'' എന്ന് പറയില്ലെ, എന്നാല് ആത്മഹത്യയുടെ കാര്യത്തില് തിരിച്ചാണ്. കുരയ്ക്കുന്ന പട്ടി കടിക്കും. അതായത്, ആത്മഹത്യയെ കുറിച്ച് സംസാരത്തിലോ അല്ലാതെയോ പറയാന് അവര് ശ്രമിക്കുന്നുണ്ടെങ്കില് അത് സൂക്ഷിക്കേണ്ടതാണ്. 'ഞാന് ആത്മഹത്യ ചെയ്യാന് പോകുകയാണ്' എന്ന് ഒരാള് പറയുമ്പോള്, 'എന്നാല് നീ പോയി ചെയ്യൂ' എന്ന് പറഞ്ഞ് അവരെ കൂടുതല് പ്രകോപിപ്പിക്കാതിരിക്കുക.
സത്യത്തില് അവരുടെ ചെറുതും വലുതുമായ സൂചനകളെല്ലാം നമ്മള് വളരെ ഗൗരവമായി എടുക്കുകയും കൂടുതല് പരിഗണന നല്കുകയും ചെയ്യണം. ആക്ടീവായി ഇരുന്നൊരാള് പെട്ടന്ന് മിണ്ടാതാകുകയും ആരോടും സംസാരിക്കാതിരിക്കുകയും ചെയ്താല് അവര്ക്ക് കൂടുതല് ശ്രദ്ധ കൊടുക്കുകയും മെന്റല് ഹെല്ത്ത് പ്രൊഫഷണലിന്റെ സഹായം നല്കാന് സഹായിക്കുകയും വേണം.
'ഞാന് ആത്മഹത്യ ചെയ്യാന് പോവുകയാണ്' എന്നതിനര്ത്ഥം അവര്ക്ക് നമ്മുടെ സഹായം വേണം എന്നുകൂടിയാണ്
യഥാര്ത്ഥത്തില് ''Suicide is a cry for Help..''. ആ സമയത്ത് കൈ പിടിക്കാനാളുണ്ടെങ്കില് അതാണ് ആത്മഹത്യയില് നിന്ന് പിന്തിരിപ്പിക്കാനുള്ള ഏറ്റവും വലിയ പ്രവൃത്തി. അവര് പറയുന്നത് കേള്ക്കാന് തയ്യാറാവുക. 'എനിക്കിങ്ങനെ ജീവിക്കേണ്ട', 'മരിക്കാന് തോന്നുന്നു' എന്നൊക്കെ അവര് പറയുമ്പോള് പതറാതെ ആ സംസാരം നീട്ടിക്കൊണ്ട് പോകാന് ശ്രമിക്കുക. എന്തുകൊണ്ടാണ് അങ്ങനെ തന്നുന്നത്, എന്താണ് കാരണം എന്നൊക്കെ ചേദിച്ചുകൊണ്ടേയിരിക്കുക. അവരെക്കൊണ്ട് കൂടുതല് നേരം സംസാരിപ്പിക്കുക. എത്ര നേരമാണെങ്കിലും കേള്ക്കുക. അത് അവരെ ആത്മഹത്യയില് നിന്ന് പിന്തിരിപ്പിച്ചേക്കും.
അങ്ങനെ സംസാരിക്കുന്നതിനിടയില് തന്നെ നമുക്ക് പല കാര്യങ്ങള് ചെയ്യാന് സാധിക്കു. അവരുടെ വീട്ടുകാരെയോ അടുത്ത ആളുകളെയോ അറിയിക്കാം, ആളെ ശ്രദ്ധിക്കണമെന്ന് മെസേജ് ചെയ്യാം, വളരെ വേഗത്തില് അയാളുടെ അടുത്തേക്ക് ആരെയെങ്കിലുമെത്തിക്കാം, അല്ലെങ്കില് നമുക്കെത്താം. ഇതൊരു വലിയ പ്രതിരോധമാണ്.
മരിക്കാന് തീരുമാനിച്ച ഒരാള് നമ്മളെ അക്കാര്യം അറിയിക്കുന്നുണ്ടെങ്കില് അത് സംസാരിച്ചാല് പരിഹരിക്കാം എന്നുള്ള, അയാളില് ചെറിയ പ്രതീക്ഷ ബാക്കിയുണ്ടെന്നുള്ളതിന്റെ സൂചനകൂടിയാണ്.
'പ്രണയാഭ്യര്ത്ഥന അംഗീകരിച്ചില്ലെങ്കില് ആത്മഹത്യ', ഭീഷണിയെ പേടിക്കാതെ കൈകാര്യം ചെയ്യാം
നമുക്കെല്ലാവര്ക്കും സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളുമുണ്ട്. അതുവെച്ചു മാത്രമേ എന്തു തീരുമാനങ്ങളും എടുക്കാന് കഴിയൂ. പ്രണയം വേണ്ട എങ്കില് വേണ്ട എന്നുതന്നെ പറയണം. ആത്മഹത്യ ഭീഷണി മുഴക്കിയാലും നമ്മുടെ നിലപാട് നിലപാട് തന്നെയാണ്. ആത്മഹത്യ ഭീഷണി മുഴക്കി, അത് ചെയ്യാന് സാധ്യതയുണ്ടെങ്കില് അയാളുടെ അടുത്തേക്ക് വേഗം എത്താന് കഴിയുന്നത് ആര്ക്കാണോ അവരെ വിളിച്ചറിയിക്കാം. പൊലീസിനെ അറിയിക്കാം, അയാള് ആത്മഹത്യ ഭീഷണി നടത്തിയിട്ടുണ്ടെന്ന് വീട്ടുകാരോട് പറയാം. അവരെ ഈ വിഷയം ഏല്പ്പിക്കാം. ഇനി നമ്മുടെ പേരെഴുതിവെച്ച് മരിക്കുമോ എന്നുള്ള പേടികൊണ്ട് 'യെസ്' പറയേണ്ട ആവശ്യമവിടെയില്ല.
ആത്മഹത്യയില് നിന്ന് ഒരാളെ പിന്തിരിപ്പിക്കാന് നമുക്കിവിടെ സോഷ്യല് വര്ക്കേഴ്സുണ്ട്, പ്രൊഫഷണല്സുണ്ട്, മറ്റൊരുപാട് പേരുണ്ട്. ആത്മഹത്യ ഭീഷണി മുഴക്കി ആര്ക്കും ഒന്നും നേടാന് സാധിക്കില്ല, No means No എന്നുതെന്നയാണ്. അവരെ നോക്കാന് ഒരുപാടുപേരുണ്ട്. അവരെ അറിയിക്കുക.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)