ആകാശത്തൊരു കപ്പൽ; ആ വെെറൽ ഫോട്ടാ​ഗ്രാഫർ നമ്മടെ കോഴിക്കോട്ടുകാരൻ

ഒരു സാധാരണ കടൽത്തീര സന്ദർശനത്തിനിടെ പകർത്തിയ ദൃശ്യം ഇത്രയധികം പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് 29കാരനായ ജസീൽ പറഞ്ഞു

ആകാശത്തൊരു കപ്പൽ; ആ വെെറൽ ഫോട്ടാ​ഗ്രാഫർ നമ്മടെ കോഴിക്കോട്ടുകാരൻ
ajman viral video and jaseel peralasseri/google
dot image

എവിടെ ചെന്നാലും മലയാളി… അതെ അജ്മാനിലെ കടലിന് മുകളിൽ കപ്പലുകൾ പൊങ്ങിക്കിടക്കുന്ന വെെറൽ വീഡിയോയ്ക്ക് പിന്നിലും മലയാളി. അജ്മാൻ കടൽത്തീരത്ത് കണ്ട ഈ അപൂർവ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വെെറലാവുകയാണ്. ദുബായിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ജസീൽ പെരളശ്ശേരി പകർത്തിയ വീഡിയോയ്ക്ക് ഇതിനകം 3.1 കോടിയിലധികം കാഴ്ചകളും പത്ത് ലക്ഷത്തിലധികം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. ഒരു സാധാരണ കടൽത്തീര സന്ദർശനത്തിനിടെ പകർത്തിയ ദൃശ്യം ഇത്രയധികം പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് 29കാരനായ ജസീൽ അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.

അജ്മാനിൽ ഒരു ഷൂട്ടിങ് ജോലി പൂർത്തിയാക്കിയ ശേഷം സഹപ്രവർത്തകർക്കൊപ്പം കടൽത്തീരത്തെത്തിയപ്പോഴാണ് ദൂരെയുള്ള കപ്പലുകൾ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നതുപോലെ ജസീലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ദൃശ്യം സുഹൃത്തിന്റെ നിർദേശപ്രകാരം റീൽ ആക്കുകയായിരുന്നു. നാല് മണിക്കൂറിനുള്ളിൽ പത്ത് ലക്ഷം കാഴ്ചകൾ പിന്നിട്ട വീഡിയോ 20 മണിക്കൂറിനകം രണ്ട് കോടിയിലധികം പേരിലേക്ക് എത്തി. അന്തരീക്ഷത്തിലെ പ്രത്യേക സാഹചര്യങ്ങൾ പ്രകാശത്തെ വളയ്ക്കുന്നതുമൂലം ദൂരെയുള്ള വസ്തുക്കൾ യഥാർഥ സ്ഥാനത്തേക്കാൾ ഉയരത്തിൽ കാണപ്പെടുന്ന 'സുപ്പീരിയർ മിറേജ്' എന്ന പ്രകൃതിദത്ത പ്രതിഭാസമാണ് ഈ കാഴ്ചയ്ക്ക് പിന്നിൽ.

എട്ട് വർഷത്തോളമായി ഫോട്ടോഗ്രഫി, ഫിലിം മേക്കിങ്, ഡിജിറ്റൽ മാർക്കറ്റിങ് മേഖലകളിൽ പ്രവർത്തിക്കുന്ന ജസീൽ സ്വയം പരിശീലിച്ചാണ് ഈ രംഗത്തെത്തിയത്. യൂട്യൂബ് ട്യൂട്ടോറിയലുകളിലൂടെയും പരീക്ഷണങ്ങളിലൂടെയുമായിരുന്നു പഠനം. സെപ്റ്റംബറിൽ ദുബായ് കൾച്ചറും HIPAയും ചേർന്ന് സംഘടിപ്പിച്ച ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രഫി മത്സരത്തിലും ജസീലിന്റെ ചിത്രം പുരസ്കാരത്തിന് അർഹമായിരുന്നു. ഇത് ആദ്യ ഫോട്ടോഗ്രഫി മത്സരവിജയമായിരുന്നുവെന്നും ജസീൽ പറഞ്ഞു.

യുഎഇയിലെ ക്രിയേറ്റീവ് മേഖല നൽകുന്ന അവസരങ്ങൾ തന്റെ വളർച്ചയ്ക്ക് വലിയ പിന്തുണയായെന്ന് ജസീൽ പറയുന്നു. വിലകൂടിയ ക്യാമറയോ ഉപകരണങ്ങളോ ഇല്ലെങ്കിലും കൈയിലുള്ളത് ഉപയോഗിച്ച് ഫോട്ടോഗ്രഫി തുടങ്ങണമെന്നാണ് പുതുതലമുറയോട് പറയാനുള്ളതെന്നും ജസീൽ പറഞ്ഞു. മൊബൈൽ ഫോണിൽ പകർത്തിയ ഒരു ചെറിയ ദൃശ്യത്തിനുപോലും ലോകശ്രദ്ധ നേടാനാകുമെന്ന് അജ്മാനിലെ ഈ വൈറൽ വീഡിയോ തെളിയിച്ചിരിക്കുകാണ്.

Content Highlights: A photographer from Kozhikode has gained attention for a viral photograph that appears to show a ship floating in the sky.

dot image
To advertise here,contact us
dot image