ബ്രസീലില്‍ ലുലയോട് തോറ്റു; അമേരിക്കയില്‍ സ്ഥിരതാമസത്തിന് അപേക്ഷിച്ച് ഫ്ലാവിയോ ബോൾസനാരോ

ബ്രസീലിലേക്ക് മടങ്ങിയാല്‍ രാഷ്ട്രീയ സമ്മര്‍ദവും നിയമനടപടികളും നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ബ്രസീലില്‍ ലുലയോട് തോറ്റു; അമേരിക്കയില്‍ സ്ഥിരതാമസത്തിന് അപേക്ഷിച്ച് ഫ്ലാവിയോ ബോൾസനാരോ
dot image

ബ്രസീലിയ: ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ തോറ്റതിനെത്തുടര്‍ന്ന്, ബ്രസീലിയന്‍ സെനറ്റര്‍ ഫ്ലാവിയോ ബോൾസനാരോ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മയാമിയില്‍ സ്ഥിരതാമസത്തിന് (Permanent Residency) നിയമപരമായ മാര്‍ഗങ്ങളിലൂടെ അപേക്ഷിക്കാന്‍ ബോൾസനാരോ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രസീലിലേക്ക് മടങ്ങിയാല്‍ രാഷ്ട്രീയ സമ്മര്‍ദവും നിയമനടപടികളും നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

Flávio Bolsonaro
ഫ്ളാവിയോ ബോള്‍സെനാരോ

അമേരിക്കയില്‍ ഇരുന്നുകൊണ്ട് തന്നെ ബ്രസീലിലെ ഭരണപക്ഷത്തെ പ്രതിരോധിക്കാനും, തന്റെ രാഷ്ട്രീയ അനുഭാവികളുമായി ആശയവിനിമയം തുടരാനും, ഒന്നിച്ച് തീരുമാനങ്ങള്‍ എടുക്കാനും സാധിക്കുമെന്ന് ബോൾസനാരോ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തനിക്കും കുടുംബത്തിനും സ്വീകരണം നല്‍കിയതിന് അമേരിക്കന്‍ ജനതയ്ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് ശേഷം ട്രംപ് ഭരണകൂടത്തിന് തിരക്കേറിയ അജണ്ടയുള്ളതിനാല്‍ ഭരണകൂട ഉദ്യോഗസ്ഥരെ കാണാന്‍ അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ തെരുവുകളിലും റെസ്റ്റോറന്റുകളിലും വിമാനത്താവളങ്ങളിലും വച്ച് കണ്ടുമുട്ടിയ സാധാരണക്കാര്‍ തനിക്ക് നല്‍കിയ പിന്തുണ വലിയ കരുത്തായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലുല ഡ സില്‍വയോട് തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷമാണ് ബോൾസനാരോ രാജ്യം വിട്ടത്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന ബോള്‍സെനാരോയോട് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ആ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം രഹസ്യമായി വിമാനമാര്‍ഗം കടന്നു കളയുകയായിരുന്നു.

അമേരിക്കയിലെത്തുന്നതിന് മുന്‍പ് അദ്ദേഹം ആദ്യമായി അര്‍ജന്റീനയിലേക്കും തുടര്‍ന്ന് ഇക്വഡോറിലേക്കും പോയതായി റിപ്പോര്‍ട്ടുകളുണ്ട്. യാത്രാവിലക്ക് നിലനില്‍ക്കെ സെനറ്റര്‍ ഫ്ലാവിയോ ബോൾസനാരോ രാജ്യം വിട്ട നടപടിയെ 'നാണംകെട്ടത്' (shameful) എന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ വിശേഷിപ്പിച്ചത്.

Lula da Silva
ലുല ഡ സില്‍വ

തന്റെ പിതാവിനെക്കുറിച്ചുള്ള 'ഡാര്‍ക്ക് ഹോഴ്സ്' (Dark Horse) എന്ന ജീവചരിത്ര സിനിമയുമായി ബന്ധപ്പെട്ട അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ബ്രസീലിലെ സുപ്രീം ഫെഡറല്‍ കോടതി ബോൾസനാരോ അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ, തന്റെ അടുത്ത സുഹൃത്തും അഭിഭാഷകനുമായ വില്ലര്‍ ടോമാസുമായി (Willer Tomaz) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിലും അദ്ദേഹം സംശയിക്കപ്പെടുന്നുണ്ട്.

ബ്രസീലിലെ തെരഞ്ഞെടുപ്പ് ഫലത്തെ സംശയത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബോൾസനാരോയ്ക്കും കുടുംബത്തിനും അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

Content Highlight: Brazilian Senator Flavio Bolsonaro plans to seek permanent residency in the United States after losing the 2026 presidential election runoff to Luiz Inácio Lula da Silva. Having left Brazil with his family and reached Miami via Argentina and Ecuador, Bolsonaro says he intends to continue his political activities from the US. He is also facing investigations in Brazil over alleged money laundering and the financing of a biographical film about his father, former president Jair Bolsonaro.

dot image
To advertise here,contact us
dot image