

അബുദാബിയിൽ വാഹനം ഓടിക്കുന്നവർ റോഡരികിലെ കർബുകളുടെ (kerb) നിറങ്ങൾ ശ്രദ്ധിക്കുന്നത് പ്രധാനമാണ്. ഓരോ നിറവും വ്യത്യസ്ത പാർക്കിങ് നിയമങ്ങളെയാണ് സൂചിപ്പിക്കുന്നത്. നിറം മനസ്സിലാക്കിയാൽ തെറ്റായ സ്ഥലത്ത് പാർക്ക് ചെയ്യുന്നതും അധിക പാർക്കിങ് ഫീസ് നൽകേണ്ടിവരുന്നതും ഒഴിവാക്കാം.
അബുദാബി എമിറേറ്റിലെ പൊതു പാർക്കിങ് സംവിധാനങ്ങൾ അബുദാബി മൊബിലിറ്റിയുടെ പാർക്കിങ് വിഭാഗമായ MAWAQiF ആണ് നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നത്. MAWAQiF ഇൻസ്പെക്ടർമാർ സംവിധാനം നടപ്പാക്കിയിട്ടുള്ള മേഖലകളിൽ പരിശോധന നടത്തുകയും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഒപ്പം പാർക്കിങ് സേവനങ്ങളെയും നിയമങ്ങളെയും കുറിച്ച് വാഹനയാത്രക്കാർക്ക് നിർദേശങ്ങളും നൽകുന്നു.
അബുദാബിയിൽ പ്രധാനമായും രണ്ട് തരത്തിലുള്ള പേ പാർക്കിങ് സംവിധാനങ്ങളുണ്ട്. ഇവ തിരിച്ചറിയാൻ കർബുകളുടെ നിറമാണ് പ്രധാന സൂചന. വെള്ളയും ടർക്കോയ്സും (turquoise) നിറമുള്ള കർബ് പ്രീമിയം പാർക്കിങ്, കറുപ്പും ടർക്കോയ്സും നിറമുള്ള കർബ് സ്റ്റാൻഡേർഡ് പാർക്കിങ് എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് അബുദാബിയിൽ വാഹനം പാർക്ക് ചെയ്യുന്നതിന് മുമ്പ് കർബിന്റെ നിറം പരിശോധിക്കുന്നത് അധിക ഫീസ് ഒഴിവാക്കാനും ശരിയായ പാർക്കിങ് സ്ഥലം തിരഞ്ഞെടുക്കാനും സഹായിക്കും. ഇതിൽ വെള്ളയും ടർക്കോയ്സും നിറമുള്ള പ്രീമിയം പാർക്കിങിൽ ഒരുമണിക്കൂറിന് മൂന്ന് ദിർഹമാണ് ഫീസ് വരുന്നത്. പരമാവധി നാല് മണിക്കൂർ പാർക്ക് ചെയ്യാം. രാവിലെ എട്ട് മണി മുതൽ അർധരാത്രി വരെയാണ് പേ പാർക്കിങ് സമയം. കൂടാതെ ഫ്രീ പാർക്കിങ് ഞായറാഴ്ചകളിലും ഗവൺമെന്റ് അവധി ദിവസങ്ങളിലുമാണ് ഉള്ളത്. കറുപ്പും ടർക്കോയ്സും നിറമുള്ള പാർക്കിങ്ങിൽ ഒരുമണിക്കൂറിന് രണ്ട് ദിർഹമാണ് ഫീസ് വരുന്നത്. ഒരു ദിവസം മുഴുവനും പാർക്ക് ചെയ്യാൻ 15 ദിർഹമാണ് ഫീസ് വരുന്നത്. പരമാവധി 24 മണിക്കൂർ ഇവിടെ പാർക്കിങ് ഉണ്ട്. രാവിലെ എട്ട് മണി മുതൽ അർധരാത്രി വരെയാണ് പാർക്കിങ് സമയം വരുന്നത്. കൂടാതെ ഫ്രീ പാർക്കിങ് ഞാറാഴ്ചകളിലും ഗവൺമെന്റ് അവധി ദിവസങ്ങളിലുമാണ് ഉള്ളത്.
പാർക്കിങ് പെയ്മെന്റുകൾ ചെയ്യാൻ ഡർബ് ആപ്ലിക്കേഷൻ( Darb application), ടാം (TAMM), SMS, MAWAQiF പെയ്മെന്റ് മെഷീൻ തുടങ്ങിയവയും ഉപയോഗിക്കാം. എസ്എംഎസ് പേയ്‌മെന്റുകൾക്ക് എത്തിസലാത്ത് അല്ലെങ്കിൽ ഡു പോലുള്ള ഒരു പ്രാദേശിക മൊബൈൽ കാരിയറിൽ നിന്ന് 3009 എന്ന നമ്പറിലേക്ക് ഒരു സന്ദേശം അയയ്ക്കുക. [Plate Code/Category] [ Plate Number] [Parking Type] [Duration in hours] എന്ന ഫോർമാറ്റിലായിരിക്കണം സന്ദേശം അയക്കാൻ എന്നും അധികൃതർ പറഞ്ഞു. ഇതിൽ പാർക്കിങ് ടെെപ് S സ്റ്റാൻഡേർഡ് പാർക്കിങിനെയും P പ്രീമിയം പാർക്കിങിനെയുമാണ് സൂചിപ്പിക്കുന്നത്.
Content Highlights: Abu Dhabi motorists should check kerb colours before parking, as MAWAQiF uses different colours to identify standard, premium and resident parking spaces.