

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് സേവന ദാതാവായ സ്റ്റാർലിങ്കിന് യുഎഇയിൽ പ്രവർത്തനാനുമതി. രാജ്യത്ത് പൊതു സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും അത്യാധുനിക സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നതിനുമായി 10 വർഷത്തെ ജനറൽ സാറ്റലൈറ്റ് സർവീസസ് ലൈസൻസാണ് യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) അനുവദിച്ചിരിക്കുന്നത്.
അംഗീകൃത സാങ്കേതിക, നിയന്ത്രണ ചട്ടക്കൂടുകൾക്കും ആവശ്യമായ മാനദണ്ഡങ്ങൾക്കും വിധേയമായാണ് ഈ ലൈസൻസ് നൽകിയിട്ടുള്ളത്. വ്യക്തികൾ, വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവർക്ക് പുറമെ സമുദ്ര-വ്യോമയാന മേഖലകളിലേക്കും സ്റ്റാർലിങ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകും.
നിലവിലുള്ള ഫൈബർ ഒപ്റ്റിക്, 5ജി ശൃംഖലകൾക്ക് കരുത്തുപകർന്ന്, രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന് ഒരു ബഹിരാകാശ അധിഷ്ഠിത പാളി കൂടി കൂട്ടിച്ചേർക്കാൻ ഈ തീരുമാനം സഹായിക്കും. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ഇന്റർനെറ്റ് തിരഞ്ഞെടുപ്പുകൾ നൽകുന്നതിനൊപ്പം ഏത് പ്രതികൂല സാഹചര്യങ്ങളിലും ദേശീയ നെറ്റ്‌വർക്കിന്റെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യും. പ്രത്യേകിച്ചും ഷിപ്പിംഗ്, ഏവിയേഷൻ, ഊർജ്ജം, ലോജിസ്റ്റിക്സ്, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഇത് വലിയ പിന്തുണയാകും.
പുതിയ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനും ടെലികോം മേഖലയിൽ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഉപയോക്താക്കളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ആഗോള സാറ്റലൈറ്റ് ഓപ്പറേറ്റർമാരുടെ പ്രിയപ്പെട്ട കേന്ദ്രമായി യുഎഇയെ മാറ്റാനും ഇത് വഴിയൊരുക്കും.
യുഎഇയെ ആഗോള ടെലികോം, ഡിജിറ്റൽ സാമ്പത്തിക ഹബ്ബായി ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഈ തീരുമാനം വലിയ കരുത്താകുമെന്ന് ടിഡിആർഎ ഡയറക്ടർ ജനറൽ മാജിദ് സുൽത്താൻ അൽ മസ്മർ വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ 'വി ദി യുഎഇ 2031' (We the UAE 2031) വിഷന്റെയും രാജ്യത്തിന്റെ ഡിജിറ്റൽ അജണ്ടയുടെയും ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Elon Musk’s Starlink is set to enter the UAE, with satellite-based internet connectivity expected to offer continued access even during adverse or disrupted conditions.