പാകിസ്ഥാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; 15 നവജാത ശിശുക്കള്‍ വെന്തുമരിച്ചു

പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്

പാകിസ്ഥാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; 15 നവജാത ശിശുക്കള്‍ വെന്തുമരിച്ചു
dot image

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 15 നവജാത ശിശുക്കള്‍ വെന്തുമരിച്ചെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ 16 കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇതില്‍ ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷിക്കാനായത്. ഇന്ന് പുലര്‍ച്ചയോടെ ഗൈനക്കോളജി വിഭാഗത്തിലെ എയര്‍ കണ്ടീഷ്ണര്‍ തകരാര്‍ മൂലം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

തീ ആളിപ്പടര്‍ന്ന മുറിയുടെ ചില്ല് വാതില്‍ തകര്‍ത്ത് അഗ്നി രക്ഷാ സോനാംഗങ്ങള്‍ അകത്തു കടക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. മാതൃ-ശിശു ആരോഗ്യ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ 15 നവജാതശിശുക്കള്‍ പൂര്‍ണ്ണമായും വെന്തുമരിച്ചതായാണ് ജില്ലാ ഭരണകൂടം ഔദ്യോഗികമായി പറഞ്ഞത്. ആശുപത്രിയുടെ വെബ്സൈറ്റ് പ്രകാരം, ഗൈനക്കോളജി വിഭാഗത്തില്‍ 156 കിടക്കകളാണുള്ളത്. തീ അണച്ചതായും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് 'കൂളിംഗ്' നടപടികള്‍ (തീപിടിച്ച ഭാഗം തണുപ്പിക്കാനുള്ള നടപടികള്‍) തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

ഈ ദുരന്തത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രസ്താവന ഇറക്കി. ഉടനടി അന്വേഷണം നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ ഇത്തരമൊരു സാഹചര്യം പരിഹരിക്കാനാവാത്ത നഷ്ടമാണെന്നാണ് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നത്. കോടതി നിര്‍ദ്ദേശിച്ച ആരോഗ്യ പരിശോധനയ്ക്ക് ശേഷം പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതും ഇതേ ആശുപത്രിയിലാണ്.

Content Highlights: An incident at the gynaecology section of the Pakistan Institute of Medical Sciences reportedly affected 15 newborn babies. Sixteen infants were reportedly present in the ward, with one child rescued. A malfunctioning air conditioner is suspected to have triggered the incident in the early hours.

dot image
To advertise here,contact us
dot image