

യാത്രക്കാർക്ക് ആകാശത്തും തടസ്സങ്ങളില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കി ഖത്തർ എയർവേയ്‌സ്. കമ്പനിയുടെ 150 വൈഡ്‌ബോഡി വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് സാറ്റലൈറ്റ് വൈ-ഫൈ സേവനം സജ്ജമാക്കിയിരിക്കുകയാണ് അധികൃതർ. സ്റ്റാർലിങ്ക് വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ബോയിംഗ് 787-9 വിമാനം സർവീസ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ എയർലൈൻ എന്ന ചരിത്ര നേട്ടവും ഇതോടെ ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി.
2026 അവസാനത്തോടെ തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലും ഈ അത്യാധുനിക സേവനം പൂർണ്ണമായും ലഭ്യമാക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. വിമാനത്തിനുള്ളിൽ 500 Mbps വരെ വേഗത ലഭിക്കുന്ന ഈ ഇന്റർനെറ്റ് സേവനം യാത്രക്കാർക്ക് തികച്ചും സൗജന്യമായാണ് നൽകുന്നത്. ഖത്തർ എയർവേയ്‌സിന്റെ പ്രിവിലേജ് ക്ലബ്ബ് അംഗത്വം വഴിയോ അല്ലെങ്കിൽ ലളിതമായ രജിസ്ട്രേഷനിലൂടെയോ യാത്രക്കാർക്ക് ഈ അതിവേഗ വൈ-ഫൈ സൗകര്യം എളുപ്പത്തിൽ പ്രയോജനപ്പെടുത്താം.
ലോകത്തെ ആറ് ഭൂഖണ്ഡങ്ങളിലേക്കുമുള്ള വിവിധ റൂട്ടുകളിൽ ഈ അത്യാധുനിക സൗകര്യം നൽകുന്ന ആദ്യത്തെ എയർലൈൻ കൂടിയാണ് ഖത്തർ എയർവേയ്‌സ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം, എയർവേയ്‌സിന്റെ 86,000-ത്തിലധികം വിമാനങ്ങളിലായി ഏകദേശം 2.3 കോടിയിലധികം യാത്രക്കാർ ഇതിനോടകം തന്നെ ഈ സ്റ്റാർലിങ്ക് വൈ-ഫൈ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. യാത്രാവേളയിലെ ആശയവിനിമയ രംഗത്ത് വലിയൊരു മാറ്റത്തിനാണ് ഖത്തർ എയർവേയ്‌സിന്റെ ഈ നീക്കം വഴിയൊരുക്കുന്നത്.
Content Highlights: Qatar Airways is offering passengers free high-speed Wi-Fi on flights, enhancing the onboard travel experience by providing seamless internet connectivity during journeys.