

യുഎഇയിൽ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഗതാഗത സുരക്ഷയെക്കുറിച്ചുള്ള ബോധവല്‍ക്കരം ലക്ഷ്യമിട്ടാണ് ആര്‍ടിഎ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. 300,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. അസീസി ഡെവലപ്പ്‌മെന്റ്‌സാണ് മത്സരത്തിന്റെ സ്‌പോണ്‍സര്‍.
2025 ല്‍ നടന്ന ആദ്യ പതിപ്പിന് ലഭിച്ച മികച്ച സ്വീകാര്യതയെത്തുടര്‍ന്നാണ് രണ്ടാം പതിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അപേക്ഷകര്‍ക്ക് ഓഗസ്റ്റ് 24 മുതല്‍ നവംബര്‍ 22 വരെ ആര്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ നല്‍കാവുന്നതാണ്. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിങ് രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ദൃശ്യമാധ്യമങ്ങള്‍ ഫലപ്രദമാണെന്നതിനാലാണ് ഇത്തരത്തില്‍ ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നതെന്ന് അര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ ഹുസൈന്‍ അല്‍ ബന്ന വ്യക്തമാക്കി.
പ്രധാനമായും മൂന്ന് മത്സരവിഭാഗങ്ങളാണ് സംഘടിപ്പിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിങ്, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണം എന്നീ ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കുമായുള്ളതാണ് ആദ്യത്തെ വിഭാഗം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ റോഡ് സുരക്ഷയ്ക്കായി നടത്തുന്ന ഇടപെടലുകളെ മുന്‍നിര്‍ത്തിയുള്ള രണ്ടാമത്തെ വിഭാഗത്തിലെ വിജയികള്‍ക്ക് ഔദ്യോഗിക പുരസ്‌കാര ഫലകങ്ങളും നല്‍കും. പൊതുസമൂഹം ഉള്‍പ്പെടുന്ന മൂന്നാമത്തെ വിഭാഗത്തില്‍ കുടുംബ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളും ട്രാഫിക് അപകടങ്ങളില്‍പ്പെട്ടവരുടെ യഥാര്‍ത്ഥ അനുഭവങ്ങള്‍ പ്രമേയമാക്കുന്ന ചിത്രങ്ങളാണ് ഉള്‍പ്പെടുന്നത്.
വ്യക്തികള്‍ സര്‍വലാശാലാ വിദ്യാര്‍ത്ഥികള്‍, പൊതുസമൂഹം എന്നിങ്ങനെയുള്ള രണ്ട് വിഭാഗങ്ങളിലെ വിജയികള്‍ക്ക് സമ്മാനമായി 240,000 ദിര്‍ഹം പണമായി നല്‍കും. കൂടാതെ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 30,000 ദിര്‍ഹം, രണ്ടാം സമ്മാനം 20,000 ദിര്‍ഹം, മൂന്നാം സമ്മാനം 10,000 ദിര്‍ഹം എന്നിങ്ങനെയാണ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ആര്‍ടിഎയുടെ ഔദ്യോഗിക ഡിജിറ്റള്‍ പ്ലാറ്റ്‌ഫോമുകളിലും സ്‌കൂളുകളിലെ ബോധവല്‍ക്കരണ പരിപാടികളിലും പ്രദര്‍ശിപ്പിക്കും. ദുബായ് പൊലീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന സീറോ ഫാറ്റാലിറ്റി ( Zero Fatalities) ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.
Content Highlight: Dubai’s Roads and Transport Authority has launched the second edition of the Road Safety Film Festival to promote road safety awareness through creative short films