

ന്യൂഡല്‍ഹി: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വാര്‍ത്ത സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഹസീനയുടെ പരിപാടിയില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലായിരുന്നു എന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം. പരിപാടി ഒരു സ്വകാര്യ മാധ്യമ സ്ഥാപനം സംഘടിപ്പിച്ചതാണ്. അവര്‍ പറഞ്ഞതൊന്നും ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും എംഇഎ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.ഓഗസ്റ്റ് 5ന് നടന്ന ഷെയ്ഖ് ഹസീനയുടെ വാര്‍ത്താ സമ്മേളനം ഉള്‍പ്പെട്ട പരിപാടിയില്‍ ബംഗ്ലാദേശിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ജയ്സ്വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആ പരിപാടി സംഘടിപ്പിച്ചത് ഒരു സ്വകാര്യ മാധ്യമ സ്ഥാപനമാണെന്നും, ഇന്ത്യന്‍ ഗവണ്‍മെന്റല്ലെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. ബുധനാഴ്ച നടന്ന പരിപാടിയില്‍ ഓണ്‍ലൈനായായിരുന്നു ഹസീന പങ്കെടുത്തത്. ജയില്‍വാസമോ വധശിക്ഷയോ നേരിടേണ്ടി വന്നേക്കാമെന്ന സാഹചര്യം നിലനില്‍ക്കെത്തന്നെ സ്വന്തം രാജ്യത്തിലേക്ക് മടങ്ങി പോകുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യം പുനഃസ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ശരിയായ പാതയിലേക്ക് നയിക്കാന്‍ ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ താന്‍ ഉറച്ചിരിക്കുന്നതായായിരുന്നു ഹസീന പ്രഖ്യാപിച്ചിരുന്നത്.
പരിപാടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതികരിച്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം, ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷയത്തില്‍ ധാക്ക ന്യൂഡല്‍ഹിയെ ആശങ്ക അറിയിച്ചിട്ടും ഈ മാധ്യമ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയതില്‍ തങ്ങള്‍ക്ക് കടുത്ത രോഷമുണ്ടെന്നായിരുന്നു ബംഗ്ലാദേശ് വ്യക്തമാക്കിയത്. ഹസീനയും അവരുടെ അനുയായികളും ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബംഗ്ലാദേശിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ഈ പരിപാടിയെ ബംഗ്ലാദേശിന്റെ പരമാധികാരത്തോടുള്ള അവഹേളനം എന്നും വിശേഷിപ്പിച്ചിരുന്നു. പരമാധികാര തുല്യത, പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, ദേശീയ അന്തസ്സ് എന്നിവയില്‍ അധിഷ്ഠിതമായ ക്രിയാത്മകവും പരസ്പര പ്രയോജനകരവുമായ ബന്ധം ഇന്ത്യയുമായി നിലനിര്‍ത്താനാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, ഹസീനയെ കൈമാറണമെന്ന തങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളോട് ന്യൂഡല്‍ഹി ഇതുവരെ പ്രതികരിക്കാത്തതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ 2024 ഓഗസ്റ്റ് 5നാണ് ധാക്കയില്‍ നിന്നും ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പിന്നാലെ നിലവിലെ ബംഗ്ലാദേശ് ഭരണകൂടം ഇവര്‍ക്ക് വധശിക്ഷയും വിധിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ ഫോണിലൂടെയും ഇമെയില്‍ വഴിയും അവര്‍ അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഞായറാഴ്ച നടന്ന ഷെയ്ഖ് ഹസീനയുടെ ഓഡിയോ സന്ദേശം ഉള്‍പ്പെടുന്ന മാധ്യമ പരിപാടി 'ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ്' (Sheikh Hasina's Homecoming) എന്നായിരുന്നു പേരിട്ടിരുന്നത്. പരിപാടിയില്‍ ഹസീനയുടെ മകന്‍ സാജീബ് വാസെദ് ജോയിയും അവാമി ലീഗിലെ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു.
Content Highlights: India's Ministry of External Affairs has stated that the government had no involvement in Sheikh Hasina's recent press conference, describing it as a privately organized event. MEA spokesperson Randhir Jaiswal emphasized that the views expressed by the former Bangladesh Prime Minister do not reflect the official position of the Government of India.