

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രധാന സേവനങ്ങൾക്കുള്ള തുകയും ട്രാഫിക് പിഴകളും ഇനി മുതൽ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിച്ചു. മുമ്പ് സ്മാർട്ട് കിയോസ്‌കുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം, ഇനി മുതൽ ആർടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആർടിഎ ആപ്പ്, നോൾ പേ ആപ്പ് എന്നിവ വഴി ഉപയോഗിക്കാൻ സാധിക്കും.
പ്രമുഖ ഇൻസ്‌റ്റാൾമെന്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ 'ടാബി'യുമായി സഹകരിച്ചാണ് ആർടിഎ ഈ പുതിയ സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. വാഹനങ്ങളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും പുതുക്കൽ, ട്രാഫിക് പിഴകൾ അടയ്ക്കൽ, വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴും ഉള്ള നമ്പർ പ്ലേറ്റ് മാറ്റങ്ങൾ ഉൾപ്പെടെ 170-ലധികം ആർടിഎ സേവനങ്ങൾക്കാണ് ഈ രീതിയിൽ പണമടയ്ക്കാൻ സാധിക്കുക. ടാബി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ സേവനനിരക്കുകൾ നാല് തവണകളായി അടയ്ക്കാവുന്നതാണ്. അതായത് കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ 3, 6 അല്ലെങ്കിൽ 12 മാസത്തെ ഗഡുക്കളായി വീതിച്ച് അടയ്ക്കാൻ കഴിയും.
പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ പദ്ധതി. എന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതിന് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മൊത്തം പിഴത്തുക കുറഞ്ഞത് 3,000 ദിർഹമെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ, ദുബായ് പൊലീസ് ചുമത്തിയ പിഴകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. മറ്റ് എമിറേറ്റുകളിൽ നിന്നുള്ള പിഴകൾ ഇതിൽ ഉൾപ്പെടില്ല.
ദുബായ് സർക്കാരിന്റെ പണരഹിത ഇടപാടുകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ സുഗമമാക്കുന്നതിനുമാണ് അതോറിറ്റി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസകരവും തടസ്സമില്ലാത്തതുമായ പണമടയ്ക്കൽ അനുഭവം നൽകാൻ ഇത് സഹായിക്കുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.
Content Highlights: Dubai has expanded digital payment facilities, allowing residents to settle traffic fines and service charges through multiple online platforms. The move aims to make government and public service payments easier.