

ദുബായിൽ താമസസൗകര്യങ്ങൾക്കായി അപ്പാർട്ട്മെന്റുകളും മുറികളും പങ്കുവെയ്ക്കുന്നതിൽ പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. വാടകക്കാരുടെയും കെട്ടിട ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം കെട്ടിടങ്ങളിലെ താമസക്കാരുടെ എണ്ണം നിയന്ത്രിക്കാനും അനധികൃത താമസരീതികൾ തടയാനുമാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം ദുബായ് മുനിസിപ്പാലിറ്റിയുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇനി മുതൽ ഷെയറിംഗ് അടിസ്ഥാനത്തിൽ താമസസൗകര്യം നൽകാൻ പാടില്ല. സാധാരണയായി ഒരു വർഷത്തേക്കാണ് പെർമിറ്റ് അനുവദിക്കുക. എന്നാൽ ഉടമസ്ഥരുടെ അപേക്ഷ പ്രകാരം ഇത് രണ്ടു വർഷത്തേക്ക് വരെ ലഭിക്കും. പെർമിറ്റ് കാലാവധി തീരുന്നതിന് കുറഞ്ഞത് 30 ദിവസം മുമ്പ് അനുമതി പുതുക്കാനായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഒരു കെട്ടിടത്തിൽ താമസിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം, വ്യക്തിഗത വിസ്തീർണം, വായുസഞ്ചാരം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൃത്യമായി പാലിച്ചാൽ മാത്രമേ പെർമിറ്റ് ലഭിക്കൂ.
കെട്ടിട ഉടമസ്ഥർക്കോ അല്ലെങ്കിൽ ലൈസൻസുള്ള റിയൽ എസ്റ്റേറ്റ് ഏജൻസികൾക്കോ മാത്രമേ ഷെയർ ഹൗസിംഗ് അടിസ്ഥാനത്തിൽ വീടുകൾ വാടകയ്ക്ക് നൽകാൻ അവകാശമുള്ളൂ. വാടകക്കാർ കെട്ടിടം ഏറ്റെടുത്ത ശേഷം മറ്റുള്ളവർക്ക് സബ്-ലീസ് (Sublease) ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചു. കെട്ടിടങ്ങളിലെ തീപിടിത്ത സുരക്ഷ, ശുചിത്വം, സാനിറ്റേഷൻ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവ കൃത്യമായ നിലവാരം പുലർത്തണം. നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴ ലഭിക്കും. ഒരു വർഷത്തിനുള്ളിൽ വീണ്ടും ലംഘനം ആവർത്തിച്ചാൽ പിഴത്തുക 10 ലക്ഷം ദിർഹം വരെയായി ഉയരും.
കൂടാതെ, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കൽ, വാണിജ്യ ലൈസൻസ് റദ്ദാക്കൽ, നിയമലംഘനം തിരുത്തുന്നത് വരെ കുടിവെള്ള-വൈദ്യുതി സേവനങ്ങൾ വിച്ഛേദിക്കൽ, കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കൽ തുടങ്ങിയ കർശന നിയമനടപടികളും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന് കൈക്കൊള്ളാവുന്നതാണ്. വാടകക്കാരുമായുള്ള തർക്കങ്ങൾ ദുബായ് റെന്റൽ ഡിസ്പ്യൂട്ട്സ് സെന്റർ (RDCR) വഴിയായിരിക്കും പരിഹരിക്കുക.
നിലവിൽ ദുബായിൽ ഷെയർ ഹൗസിംഗ് നടത്തുന്ന ഉടമകൾക്കും സ്ഥാപനങ്ങൾക്കും പുതിയ നിയമനിർദ്ദേശങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്താൻ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് വികസിപ്പിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് പെർമിറ്റുകളും രജിസ്ട്രേഷനുകളും ഏകോപിപ്പിക്കുന്നത്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങൾക്ക് ശേഷം പുതിയ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. എന്നാൽ കൂട്ടമായി താമസിക്കുന്ന തൊഴിലാളി ക്യാമ്പുകൾക്ക് ഈ നിയമം ബാധകമല്ല.
Content Highlights: Dubai has announced new rules regarding shared accommodation. Authorities warned that renting out residential spaces without required permission could lead to significant fines.