'പറയേണ്ടത് പറഞ്ഞു, ചില കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടു'; വിവാദത്തിൽ പ്രതികരിച്ച് സഞ്ജു

കഴിഞ്ഞ ദിവസം ചർച്ചയായ ജിയോ ഹോട്സ്റ്റാറിലെ തന്റെ ചില പ്രതികരണങ്ങളെ കുറിച്ചാണ് സഞ്ജു മനസ്സ് തുറന്നത്.

'പറയേണ്ടത് പറഞ്ഞു, ചില കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടു'; വിവാദത്തിൽ പ്രതികരിച്ച് സഞ്ജു
dot image

സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ പണ്ടേ താത്പര്യമില്ലാത്തയാളാണ് താനെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണ്, സ്വന്തം താരങ്ങളോടല്ല എന്ന ബോധ്യമുണ്ടെന്നും സഞ്ജു പറഞ്ഞു.

കഴിഞ്ഞ ദിവസം ചർച്ചയായ ജിയോ ഹോട്സ്റ്റാറിലെ തന്റെ ചില പ്രതികരണങ്ങളെ കുറിച്ചാണ് സഞ്ജു മനസ്സ് തുറന്നത്. സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞത് ഈ ഉദ്ദേശത്തോടെയാണെന്നും സഞ്ജു വ്യക്തമാക്കി.

താൻ പറഞ്ഞത് സാധാരണ കാര്യങ്ങൾ ആണ്. പറയേണ്ടത് പറയണമല്ലോ. സാമൂഹ്യമാധ്യമങ്ങൾ പലതും പലരീതിയിൽ ആക്കുമല്ലോ, സഞ്ജു പറഞ്ഞു.

'ഞാൻ സാധാരണ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. മുഴുവൻ അഭിമുഖവും കണ്ടാൽ അത് മനസ്സിലാവും. പറയേണ്ടത് പറയാം. ഇപ്പോഴത്തെ കാലത്ത് ആൾക്കാർക്ക് അത് ഏത് രീതിയിൽ വേണമെങ്കിലും മാറ്റിയെടുക്കാമല്ലോ. അതൊക്കെ ഇപ്പോൾ സാധാരണമാണ്. ഇതൊരു ടീം സ്പോർട്ടാണ്. മറ്റ് ടീമുമായാണ് മത്സരം വേണ്ടത്.'- സഞ്ജു വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് പതിവായതോടെ ദിവസങ്ങൾക്കു മുമ്പ് ജിയോസ്റ്റാറിലെ ഒരു ഷോയിലാണ് സഞ്ജു ഇക്കാര്യത്തോട് പ്രതികരിച്ചത്. ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുമായി ബന്ധപ്പെട്ട 'എലിപ്പന്തയത്തിൽ' നിന്ന് വിട്ടുനിൽക്കാൻ താൻ തീരുമാനിച്ചതായും താരം പറഞ്ഞിരുന്നു.

content highlights: sanju samson clarifies statement amidst recent controversy

dot image
To advertise here,contact us
dot image