വർഷങ്ങളുടെ കാത്തിരിപ്പിന് ഭാഗ്യദേവതയുടെ കടാക്ഷം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികൾക്ക് വിജയം

ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമാക്കിയെങ്കിലും ഈ ഭാ​ഗ്യശാലികൾ ഓഗസ്റ്റ് 3-ന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് പ്രഖ്യാപനത്തിനായുള്ള വലിയ കാത്തിരിപ്പിലാണ്.

വർഷങ്ങളുടെ കാത്തിരിപ്പിന് ഭാഗ്യദേവതയുടെ കടാക്ഷം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികൾക്ക് വിജയം
dot image

അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലെ ഇ-നറുക്കെടുപ്പിൽ പ്രവാസി മലയാളികൾക്ക് വൻ വിജയം. വിജയികളായ മൂന്ന് മലയാളികൾക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കും 25,000 ദിർഹം (ഏകദേശം 6.56 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്. ഒമാനിൽ ജോലി ചെയ്യുന്ന ടി എ മുഹമ്മദ് റിയാസ്, യുഎഇയിൽ ജോലി ചെയ്യുന്ന ഷിബിൻ രാമചന്ദ്രൻ, ബഹ്റൈനിൽ ജോലി ചെയ്യുന്ന ജോജോ തുണ്ടിയത്ത് യോഹന്നാൻ എന്നിവരാണ് ഈ ആഴ്ചയിൽ ഭാഗ്യം തുണച്ച മലയാളി പ്രവാസികൾ.

കഴിഞ്ഞ 10 വർഷമായി ബിഗ് ടിക്കറ്റ് എടുത്തുപോരുന്ന റിയാസിന് ഇത് വലിയ കാത്തിരിപ്പിന് ലഭിച്ച മധുരഫലമാണ്. ഒമാനിൽ സൈബർ മാർക്കറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. യാദൃച്ഛികമായി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെ തേടിയെത്തിയ ആദ്യ വിജയത്തിന്റെ സന്തോഷത്തിലാണ് റിയാസ്. വിജയിച്ച തുകയിലെ തന്റെ വിഹിതം ഭാവി ആവശ്യങ്ങൾക്കായി സമ്പാദിച്ചു വെക്കാനാണ് ഇദ്ദേഹം പദ്ധതിയിടുന്നത്.

യുഎഇയിൽ സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന ഷിബിൻ രാമചന്ദ്രന് ഏഴ് വർഷത്തെ ശ്രമങ്ങൾക്കൊടുവിലാണ് ബിഗ് ടിക്കറ്റിൽ ആദ്യ വിജയം സ്വന്തമാക്കാനായത്. സഹപ്രവർത്തകർക്കൊപ്പം എടുത്ത ടിക്കറ്റിന്റെ ഫലം വന്നപ്പോൾ ഫോൺ കോൾ വഴി വിശ്വസിക്കാനാകാതെ, ലൈവ് സ്ട്രീം കണ്ടാണ് അദ്ദേഹം വിജയം ഉറപ്പുവരുത്തിയത്. ലഭിക്കുന്ന സമ്മാനത്തുക സഹപ്രവർത്തകർക്കൊപ്പം പങ്കിട്ട ശേഷം സ്വന്തം വിഹിതം ഭാവിയിലേക്ക് മാറ്റിവെക്കും.

ബഹ്റൈനിൽ ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്ന ജോജോ തുണ്ടിയത്ത് യോഹന്നാനും സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് ടിക്കറ്റെടുത്തിരുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച സമ്മാനത്തുക തന്റെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് ജോജോ ഉദ്ദേശിക്കുന്നത്. ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമാക്കിയെങ്കിലും ഈ ഭാ​ഗ്യശാലികൾ ഓഗസ്റ്റ് 3-ന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് പ്രഖ്യാപനത്തിനായുള്ള വലിയ കാത്തിരിപ്പിലാണ്.

Content Highlights: Several Malayalis have struck it lucky in the latest Big Ticket draw after years of participation. The win has brought joy to the winners and their families, with the prize marking a life-changing moment after a long wait.

dot image
To advertise here,contact us
dot image