പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രതിസന്ധി തുടരുന്നു; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍

പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായുള്ള അപ്പോയ്‌മെന്റുകള്‍ ലഭിക്കാത്തത് നിരവധി പ്രവാസികളെ ആശങ്കയിലാക്കുന്നു

പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രതിസന്ധി തുടരുന്നു; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍
dot image

അവധിക്കാലത്ത് സ്വദേശത്തേക്കും വിദേശത്തേക്കും യാത്രയ്ക്കൊരുങ്ങുന്ന യുഎഇയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ പാസ്പോര്‍ട്ട് കാലാവധി കഴിയാറായ സാഹചര്യത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. കൂടാതെ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിലും പ്രതിസന്ധികള്‍ തുടരുകയാണ്. നിരവധി പ്രവാസികള്‍ ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കാനുള്ള അപ്പോയ്‌മെന്റ് സ്ലോട്ടുകള്‍ ലഭിക്കാന്‍ പാടുപെടുകയാണ്.

യാത്ര ചെയ്യാനുള്ള തീയതികള്‍ അടുക്കുന്നതും ഉത്കണ്ഠകൾക്ക് കാരണമാകുന്നു. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായുള്ള അപ്പോയ്‌മെന്റുകള്‍ ലഭിക്കാത്തത് നിരവധി പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയതോടെയാണ് തിരക്ക് വര്‍ധിച്ചിരിക്കുന്നത്. മുന്‍പ് പല സേവനങ്ങളും നേരിട്ട് ലഭ്യമായിരുന്നു. പക്ഷെ ഇപ്പോള്‍ മുന്‍കൂട്ടി ഓണ്‍ലൈനായി സമയം ബുക്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിക്കുന്നു.

വിദേശയാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാല്‍ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതുക്കിയ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അപ്പോയ്‌മെന്റ് ലഭിക്കാത്തത് പല പ്രവാസികളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യാത്രാ സീസണിലെ വലിയ തിരക്ക് നിയന്ത്രിക്കാനാണ് അപ്പോയ്‌മെന്റ് സംവിധാനം നടപ്പാക്കിയതെന്ന് ഇന്ത്യന്‍ മിഷനുകള്‍ അറിയിച്ചു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളാണ് കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി എത്തുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ക്കുള്ള അപ്പോയ്‌മെന്റുകള്‍ ഔദ്യോഗിക പോര്‍ട്ടല്‍ വഴി മാത്രമേ ബുക്ക് ചെയ്യാന്‍ പാടുള്ളു എന്ന് ഇന്ത്യന്‍ എംബസി അധികൃതർ അറിയിച്ചു. ഇതിനായി യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. എംബസിക്കോ കോണ്‍സുലേറ്റിനോ വേണ്ടി അപ്പോയിന്റ്‌മെന്റുകള്‍ സുഗമമാക്കുമെന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനത്തിനും, ബി എല്‍ എസ് ഇന്റര്‍നാഷണല്‍, എസ് ജി ഐ വി എസ് ഗ്ലോബല്‍, അല്ലെങ്കില്‍ മറ്റ് വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെ, പണം നല്‍കരുതെന്ന് പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.

Content Highlight: Indian expatriates across the UAE are experiencing challenges in renewing their passports due to disruptions in consular services

dot image
To advertise here,contact us
dot image