

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎഇയിലെ ഇന്ത്യൻ എംബസി. പാസ്‌പോർട്ട്, വിസ, രേഖകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾക്കായി ഏജന്റുമാർക്ക് പണം നൽകരുതെന്ന് ജൂലൈ 10 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ എംബസി മുന്നറിയിപ്പ് നൽകി.
മുമ്പ് കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിഐവിഎസ് ഗ്ലോബൽ എന്നിവരുമായുള്ള കരാർ 2026 ജൂലൈ ഒന്ന് മുതൽ അവസാനിച്ചതായി നയതന്ത്ര കാര്യാലയം വ്യക്തമാക്കി. അതിനാൽ ഈ കമ്പനികൾക്കോ, എംബസിയുടെയോ കോൺസുലേറ്റിന്റെയോ പേരിൽ അപ്പോയിന്റ്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് വ്യക്തികൾക്കോ ഏജൻസികൾക്കോ യാതൊരു കാരണവശാലും പണം നൽകരുതെന്ന് എംബസി കർശനമായി നിർദ്ദേശിച്ചു.
സേവനങ്ങൾ ഇപ്പോൾ എവിടെ ലഭിക്കും?
നിലവിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും നേരിട്ടാണ് നൽകുന്നത്. ഈ സേവനങ്ങൾക്കായി ഔദ്യോഗിക പോർട്ടൽ വഴി അപ്പോയിന്റ്‌മെന്റുകൾ പൂർണ്ണമായും സൗജന്യമായി ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി പണം ഈടാക്കാൻ ഒരു മൂന്നാം കക്ഷിക്കും അനുമതിയില്ല. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ എംബസിയുടെ പേരിൽ പണം ആവശ്യപ്പെടുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ തന്നെ വിവരം അറിയിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
മാറ്റത്തിന് പിന്നിലെ കാരണം
2011 മുതൽ ഈ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസിന് പകരം പുതിയ കരാർ 'അൽഹിന്ദ് ഗ്ലോബൽ സർവീസസിന്' നൽകാൻ ഈ വർഷം ആദ്യം തീരുമാനിച്ചിരുന്നു. 2026 ജൂലൈ ഒന്ന് മുതൽ അൽഹിന്ദ് സേവനങ്ങൾ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ കരാർ ലഭിക്കാനായി ശ്രമം നടത്തിയ മറ്റ് രണ്ട് കമ്പനികൾ സാങ്കേതിക മൂല്യനിർണ്ണയത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തുടർന്നുണ്ടായ നിയമതടസ്സം കാരണം കരാർ മാറ്റം വൈകുകയാണ്.
കോടതിയുടെ അന്തിമ വിധി വരുന്നത് വരെയുള്ള താൽക്കാലിക ക്രമീകരണമെന്ന നിലയ്ക്കാണ് എംബസിയും കോൺസുലേറ്റും നേരിട്ട് സേവനങ്ങൾ നൽകുന്നത്. മുമ്പ് നേരിട്ടെത്തി സേവനങ്ങൾ ലഭ്യമായിരുന്ന സ്ഥാനത്ത്, തിരക്ക് ഒഴിവാക്കാനായി ഇപ്പോൾ മുൻകൂട്ടിയുള്ള ഓൺലൈൻ അപ്പോയിന്റ്മെന്റ് നിർബന്ധമാക്കിയിട്ടുണ്ട്.
Content Highlights: The Indian embassy in the UAE has issued an advisory on Friday, July 10, to warn the public against paying money to agents who claim to provide visa or attestation services, reiterating that BLS International and SGIVS Global are no longer the outsourced service providers of the diplomatic mission in Abu Dhabi or the Consulate General of India, Dubai for providing any consular services.