

സർക്കാർ സേവനങ്ങളും നയരൂപീകരണങ്ങളും പൂർണ്ണമായും നിർമ്മിതബുദ്ധി അധിഷ്ഠിതമാക്കുന്ന പുതിയ ഘട്ടത്തിലേക്ക് യുഎഇ പ്രവേശിക്കുന്നു. ലോകത്തിലെ ഏറ്റവും കാര്യക്ഷമവും ഭാവിയിലധിഷ്ഠിതവുമായ ഭരണം കാഴ്ചവെക്കുക എന്ന യുഎഇ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് നടപടി. മന്ത്രിസഭാ കാര്യ മന്ത്രിയും ഏജന്റിക് എഐ പ്രൊജക്റ്റിനായുള്ള ദേശീയ സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫെഡറൽ ഗവൺമെന്റിന്റെ 50 ശതമാനം പ്രവർത്തനങ്ങളും നടപടിക്രമങ്ങളും ഏജന്റിക് എഐ മാതൃകകളിലേക്ക് മാറ്റാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച പ്രത്യേക ശിൽപശാലയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. പ്രസിഡൻഷ്യൽ കോർട്ടും കാബിനറ്റ് കാര്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള 600-ഓളം ജീവനക്കാരാണ് പങ്കെടുത്തത്.
എഐ സാങ്കേതിക വിദ്യ മനുഷ്യന് പകരക്കാരനാവുകയല്ല, മറിച്ച് അവരുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അൽ ഗർഗാവി വ്യക്തമാക്കി. മികച്ച എഐ ഏജന്റുകൾ വികസിപ്പിക്കുന്ന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കായി 'ടോപ്പ് 3 എഐ ഏജന്റ്സ് അവാർഡും' അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി കാബിനറ്റ് കാര്യ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും 75 ശതമാനവും ഏജന്റിക് എഐയിലേക്ക് മാറ്റും. സമാനമായി പ്രസിഡൻഷ്യൽ കോർട്ടിലെയും 75 ശതമാനം സേവനങ്ങൾ രണ്ട് വർഷത്തിനകം എഐ അധിഷ്ഠിതമാകും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണിത്. ഇതിനായി 'ദിവാൻ ജിപിടി' എന്ന എഐ പ്ലാറ്റ്‌ഫോമും സജ്ജമാക്കിയിട്ടുണ്ട്.
ഈ വലിയ ഡിജിറ്റൽ മാറ്റത്തിന്റെ ഭാഗമായി 80,000 ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഏജന്റിക് എഐ ടൂളുകളിൽ പ്രത്യേക പരിശീലനം നൽകും. മനുഷ്യനും എഐ ഏജന്റുകളും ഒരു ടീമായി പ്രവർത്തിക്കുന്ന പുതിയ തൊഴിൽ സംസ്കാരമാണ് യുഎഇയിൽ വരാൻ പോകുന്നതെന്ന് അധികൃതർ ഓർമപ്പെടുത്തി. പ്രമുഖ ആഗോള സാങ്കേതികവിദ്യാ കമ്പനികളുടെയും മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹകരണത്തോടെയുള്ള പ്രത്യേക പരിശീലന സെഷനുകളോടെയാണ് ഈ ശിൽപശാല സമാപിച്ചത്.
Content Highlights: United Arab Emirates is pushing ahead with an ambitious digital transformation strategy aimed at making government services increasingly AI-driven. The initiative is expected to improve efficiency, streamline administrative processes, enhance citizen experiences, and strengthen the country's position as a global leader in digital governance and innovation.