

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വലിയ വിജയം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ഒമാനിൽ താമസിക്കുന്ന 53-കാരനായ ഗുജറാത്ത് സ്വദേശിയായ വല്ലഭ് ബോഗ ആദ്യമായാണ് ബിഗ് ടിക്കറ്റെടുക്കുന്നത്. ആദ്യ ശ്രമത്തിൽ 1.5 ലക്ഷം ദിർഹം (ഏകദേശം 34 ലക്ഷം രൂപ) വല്ലഭ് ബോഗയ്ക്ക് സമ്മാനമായി ലഭിച്ചു.
ബിസിനസുകാരനായ വല്ലഭ് ബോഗ പർമർ കഴിഞ്ഞ 35 വർഷമായി കുടുംബത്തോടൊപ്പം ഗൾഫ് രാജ്യങ്ങളിലാണ് താമസിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ 284-ാം സീരീസ് നറുക്കെടുപ്പിലാണ് വല്ലഭയെ തേടി ഭാഗ്യമെത്തിയത്. ആദ്യമായി എടുത്ത ടിക്കറ്റിലൂടെ തന്നെ ഇത്രയും വലിയൊരു ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾ പലപ്പോഴും തന്നോട് ആവശ്യപ്പെടാറുണ്ടെന്ന് വല്ലഭ് പറഞ്ഞു. 'ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഓൺലൈനായി ഒരു ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചത്. ബിഗ് ടിക്കറ്റ് സംഘാടകരുടെ വിളി വന്നപ്പോൾ എനിക്ക് വലിയ അത്ഭുതമുണ്ടായി. അവർ എന്നെ കളിയാക്കുകയാണോ എന്ന് പോലും ഞാൻ ചോദിച്ചു പോയി. ആദ്യത്തെ ശ്രമത്തിൽ തന്നെ ബിഗ് ടിക്കറ്റ് വിജയം നേടുകയെന്നത് വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. എനിക്ക് വളരെയധികം സന്തോഷം തോന്നി,' വല്ലഭ് കൂട്ടിച്ചേർത്തു.
സമ്മാനത്തുക നാട്ടിലുള്ള തന്റെ പെൺമക്കളുടെ പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് പർമർ പറഞ്ഞു. കൂടാതെ, ഈ വിജയം ഭാവിയിലെ നറുക്കെടുപ്പുകളിൽ പങ്കുചേരാൻ തനിക്ക് പ്രചോദനമായെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: An Indian expatriate has won the Big Ticket Abu Dhabi jackpot on the very first attempt, securing a massive prize and celebrating an incredible stroke of luck.