

റമദാൻ മാസം രണ്ടാം വാരം പിന്നിടുമ്പോൾ ഇതുവരെ 37 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു. രാജ്യത്ത് നിയമവിരുദ്ധമായ ഭിക്ഷാടനത്തെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി എമിറേറ്റിലുടനീളം നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്.
ഭിക്ഷാടനമില്ലാത്ത ബോധവൽക്കരിക്കപ്പെട്ട സമൂഹം എന്ന അർത്ഥം വരുന്ന 'ആൻ അവെയർ സൊസൈറ്റി വിത്തൗട്ട് ബെഗിങ്' കാമ്പയിന്റെ ഭാഗമായാണ് ഈ നടപടികൾ. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും ദുബായിയുടെ സുരക്ഷിതവും പരിഷ്കൃതവുമായ നഗരം എന്ന ഖ്യാതി സംരക്ഷിക്കുന്നതിനുമാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭിക്ഷാടനം കുറയ്ക്കുന്നതിൽ ഈ കാമ്പയിൻ വിജയിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. "ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനാൽ, ഓരോ വർഷവും ഇത്തരം കേസുകളിൽ വലിയ കുറവുണ്ടാകുന്നുണ്ട്. റമദാനിലെ രണ്ടാം വാരത്തിൽ വിവിധ രാജ്യക്കാരായ 37 ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തത്," അധികൃതർ വ്യക്തമാക്കി.
ഭിക്ഷാടനത്തിന്റെ രീതികൾ ഓരോ വർഷവും മാറിക്കൊണ്ടിരിക്കുന്നത് ദുബായ് പൊലീസ് അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ടെന്നും സമൂഹത്തെ സംരക്ഷിക്കാൻ ഫലപ്രദമായ മാർഗങ്ങൾ ഇതിലൂടെ ആവിഷ്കരിക്കാൻ സാധിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
"റമദാൻ മാസത്തിൽ ആളുകളുടെ ദയയും കാരുണ്യവും ഭിക്ഷാടകർ തങ്ങളുടെ സ്വന്തം ലാഭത്തിനായി ചൂഷണം ചെയ്യാറുണ്ട്. സഹതാപം നേടിയെടുക്കാൻ കുട്ടികളെയും രോഗികളെയും ഭിന്നശേഷിക്കാരെയും മുന്നിൽ നിർത്തിക്കൊണ്ടുള്ള തന്ത്രങ്ങളാണ് ഇവർ പയറ്റുന്നത്. ഇത്തരം ചതിക്കുഴികളിൽ വീഴരുത്." ഈ രീതികൾ ഉപയോഗിച്ച നിരവധിപ്പേരെ ഇതിനകം പിടികൂടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Dubai Police announce the arrest of 37 beggars during the second week of Ramadan as part of an intensified anti-begging campaign across the emirate.