

കുടുംബ ബന്ധങ്ങളുടെ മഹത്വവും സാമൂഹിക ഐക്യത്തിന്റെ സന്ദേശവും ഉയര്‍ത്തിപ്പിടിച്ച് ദുബായില്‍ സമൂഹ വിവാഹം നടന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു സമൂഹത്തിന്റെ നന്മയ്ക്കും കുടുംബസ്ഥിരതയ്ക്കും വഴിതെളിയിക്കുന്നതായിരുന്നു ഈ സംരംഭം. ദുബായ് ജിഡിആര്‍എഫ്എയും ദുബായ് കസ്റ്റംസ് വിഭാഗവും സംയുക്തമായാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്.
ഷെയ്ക്ക് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂടി സാക്ഷിയായ ചടങ്ങില്‍ 127 പേര്‍ വിവാഹിതരായി. ജിഡിആര്‍എഫ്എ ദുബായില്‍ നിന്ന് 87 പേരും ദുബായ് കസ്റ്റംസില്‍ നിന്ന് 34 പേരും പോര്‍ട്‌സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷനില്‍ നിന്ന് ആറ് ജീവനക്കാരും സമൂഹ വിവാഹത്തില്‍ പങ്കെടുത്തു.
കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ശിലയാണെന്നും യുവജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കുടുംബജീവിതത്തിലേക്ക് കടക്കാന്‍ ഇത്തരത്തിലുള്ള കൂട്ടവിവാഹങ്ങള്‍ വിലയ പിന്തുണയാണ് നല്‍കുന്നതെന്നും ഷെയ്ഖ് മന്‍സൂര്‍ അഭിപ്രായപ്പെട്ടു. യുവാക്കളെ സാമ്പത്തികവും സാമൂഹികവുമായ ഭാരങ്ങളില്‍ നിന്ന് മോചിപ്പിച്ച് ഒരു സന്തുലിത കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് യുഎഇയുടെ ലക്ഷ്യമെന്ന് ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ ജനറല്‍ ലഫ്: ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി. ഇത്തരം സംരംഭങ്ങള്‍ ജീവിത നിലവാരം ഉയര്‍ത്തുകയും സമൂഹത്തില്‍ സഹകരണം, ഐക്യം, ഉത്തരവാദിത്തബോധം എന്നിവ വളര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
'ഇയര്‍ ഓഫ് ദ ഫാമിലി 2026'ന്റെ ഭാഗം കൂടിയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ബുസൈനദ് അഭിപ്രായപ്പെട്ടു. കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തി യുവജനങ്ങളെ ശാക്തീകരിക്കുകയും സാമൂഹിക ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നതില്‍ ഈ പദ്ധതി പ്രായോഗിക മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി വിവാഹിതരായവ ദമ്പതികള്‍ യുഎഇ നേതൃത്വത്തിന്റെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Content Highlights: A community wedding was held in Dubai, aiming to promote family ties and social harmony. The event, organized by the General Directorate of Residency and Foreigners Affairs (GDRFA) in Dubai and Dubai Customs, brought together 148 couples, strengthening Emirati family bonds and social cohesion