

ഫെബ്രുവരി 17-ന് ടെലസ്കോപ്പുകളിലൂടെയോ ബൈനോക്കുലറുകളിലൂടെയോ ചന്ദ്രനെ നിരീക്ഷിക്കുന്നത് കാഴ്ചാ വൈകല്യങ്ങൾക്ക് കാരണമാകുമെന്ന് യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അന്നേദിവസം ചന്ദ്രൻ സൂര്യനോട് വളരെ അടുത്തായി വരുന്നതും അതോടൊപ്പം തന്നെ സൂര്യഗ്രഹണം സംഭവിക്കുന്നതുമാണ് കാഴ്ചാ ഭീഷണിക്ക് കാരണം. ലോകമെമ്പാടുമുള്ള മാസപ്പിറവി നിരീക്ഷണ സമിതികൾ മാസപ്പിറവി ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസം കൂടിയാണിത്.
അംഗീകൃത സോളാർ ഫിൽട്ടറുകൾ ഇല്ലാതെ ടെലിസ്കോപ്പുകളിലൂടെയോ, ബൈനോക്കുലറുകളിലൂടെയോ, മറ്റ് ഒപ്റ്റിക്കൽ ഉപകരണങ്ങളിലൂടെയോ സൂര്യനെ നേരിട്ട് നോക്കുന്നത് അന്ധത ഉൾപ്പെടെയുള്ള താൽക്കാലികമോ ശാശ്വതമോ ആയ കാഴ്ചാ വൈകല്യങ്ങൾക്ക് കാരണമായേക്കാമെന്ന് അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ 'ഖലീജ് ടൈംസിനോട്' പറഞ്ഞു. അതിനാൽ, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, സൂര്യനോട് വളരെ ചേർന്നുനിൽക്കുന്ന ആകാശഗോളങ്ങൾക്ക് നേരെ ഒപ്റ്റിക്കൽ ഉപകരണങ്ങൾ തിരിക്കുന്നത് വലിയ അപകടസാധ്യതയുണ്ടാക്കുന്നു.
ഫെബ്രുവരി 17 ചൊവ്വാഴ്ച ലോകമെമ്പാടുമുള്ള മാസപ്പിറവി നിരീക്ഷണ സമിതികൾ മാസപ്പിറവി ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസം കൂടിയാണ്. സൂര്യഗ്രഹണം അന്നേദിവസം നേരത്തെ നടക്കുമെങ്കിലും ആളുകൾ സാധാരണയായി മാസപ്പിറവി നോക്കാൻ പോകുന്ന സൂര്യാസ്തമയ സമയത്തും ചന്ദ്രൻ സൂര്യനോട് അതിശക്തമായി ചേർന്നുതന്നെയായിരിക്കും നിൽക്കുന്നത്.
സൂര്യന്റെയും ചന്ദ്രന്റെയും മധ്യഭാഗങ്ങൾ തമ്മിലുള്ള അകലമാണ് കോണീയ അകലം എന്ന് വിളിക്കുന്നത്. ഇതിനർത്ഥം, മാസപ്പിറവി ദൃശ്യമാണെങ്കിൽ പോലും സൂര്യനിൽ നിന്ന് വെറും അര ഡിഗ്രി ദൂരത്തിൽ മാത്രമായിരിക്കും അതിന്റെ സ്ഥാനം. സൂര്യാസ്തമയ സമയത്ത് മാസപ്പിറവി ലക്ഷ്യമാക്കി വെക്കുന്ന ഏതൊരു ദൂരദർശിനിയുടെയും കാഴ്ചാപരിധിയിൽ സൂര്യൻ കൂടി വരാനുള്ള സാധ്യതയുണ്ട്. ഇത് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും നിരീക്ഷിക്കുന്ന വ്യക്തിയുടെ കണ്ണിന് ഗുരുതരമായ അപകടമുണ്ടാക്കുകയും ചെയ്തേക്കുമെന്ന് അധിതർ വ്യക്തമാക്കി.
Content Highlights: Astronomers in the UAE are warning people not to look at the moon through telescopes or binoculars on February 17 due to safety risks. The moon will be extremely close to the sun at sunset, making it hazardous to observe