

ജനറേറ്റര്‍ ഉപയോഗവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്. ശരിയായ രീതയിലുള്ള ജനറേറ്റര്‍ ഉപയോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി പ്രത്യേക ബോധവത്ക്കരണ ക്യാമ്പയിനും പൊലീസ് ആരംഭിച്ചു.
പോര്‍ട്ടബിള്‍ പവര്‍ ജനറേറ്ററുകളുടെ അനുചിതമായ ഉപയോഗത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ചാണ് അജ്മാന്‍ പൊലീസ് പൊതുജനങ്ങളെ ഓര്‍മിപ്പിക്കുന്നത്. സുരക്ഷാ നടപടികള്‍ അവഗണിച്ചാല്‍ ജീവന്‍ അപഹരിക്കാന്‍ സാധ്യതയുള്ള 'നിശബ്ദ അപകടം' എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിച്ചത്. വൈദ്യുതി മുടക്കം, പുറം പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കിടെ ജനറേറ്ററുകള്‍ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും അവയില്‍ നിന്നുള്ള എക്സ്ഹോസ്റ്റ് സംവിധാനം കാര്യക്ഷമമല്ലെങ്കില്‍ അത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
നിറമില്ലാത്തതും മണമില്ലാത്തതുമായ വാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് അടച്ചിട്ടതോ വായുസഞ്ചാരം കുറഞ്ഞതോ ആയ സ്ഥലങ്ങളില്‍ വേഗത്തില്‍ അടിഞ്ഞുകൂടുമെന്നും അത് മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവാസ്ഥക്കും മരണത്തിനും കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി.
ജനറേറ്റര്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട അപകട സാധ്യതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി പ്രത്യേക ബോധവത്ക്കണ പരിപാടിക്കും അജ്മാന്‍ പൊലീസ് തുടക്കം കുറിച്ചു. ജനറേറ്ററുകള്‍ ഒരിക്കലും വീടിനകത്തോ, ബേസ്‌മെന്റിലോ, അടച്ചിട്ടതോ വായുസഞ്ചാരം കുറഞ്ഞതോ ആയ ഇടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് പൊലീസിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ജനറേറ്ററുകള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും പ്രൊഫഷണല്‍ പരിശോധനകള്‍ നടത്തുകയും വേണം. പുക, അസാധാരണമായ ശബ്ദങ്ങള്‍, തകരാറുകള്‍ എന്നിവ കണ്ടെത്തിയാല്‍ ജനറേറ്റര്‍ ഉടന്‍ ഓഫ് ചെയ്യണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി 997 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അജ്മാന്‍ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: Ajman Police has issued a public safety warning regarding the risks associated with improper use of generators. The warning comes after an increase in accidents related to generator malfunctions or misuse. Authorities are urging citizens to follow proper safety guidelines when using generators to avoid accidents and ensure safe operation.