

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇനി എഐ പരിജ്ഞാനവും ഉണ്ടായിരിക്കണമെന്നാണ് തൊഴില്‍ വിപണിയിലെ പുതിയ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. വെറും പ്രവൃത്തിപരിചയമോ തസ്തികയോ മാത്രം നോക്കി ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന രീതിക്ക് മാറ്റം വരുന്നതായി ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ പകുതിയിലേറെ സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐ സാങ്കേതിത വിദ്യയിലുള്ള അറിവ് പ്രധാന മാനദണ്ഡമായി പരിഗണിക്കുന്നു.
എഐ എന്നത് എല്ലാ മേഖലയിലും ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി മാറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ ലിങ്ക്ഡ് ഇന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗള്‍ഫ് മേഖലയിലെ 47 ശതമാനം സ്ഥാപനങ്ങളും എഐ സഹായമില്ലാതെ തങ്ങളുടെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. ജോലിയിലേക്ക് അനുയോജ്യരായവരെ വേഗത്തില്‍ കണ്ടെത്താന്‍ 76 ശതമാനം പേരും ആശ്രയിക്കുന്നതും എഐ സാങ്കേതിക വിദ്യയാണ്. നിലവില്‍ യുഎഇയിലെ 52 ശതമാനം തൊഴിലുടമകളും ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പായി അവര്‍ക്ക് എഐയിലോ ഓട്ടോമേഷനിലോ ഉള്ള അറിവ് ഒരു പ്രധാന മാനദണ്ഡമായി പരിഗണിക്കുന്നു.
ഐടി മേഖലയില്‍ മാത്രമല്ല, കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ്, കണ്‍സള്‍ട്ടിങ്, തുടങ്ങിയ മേഖലകളിലും എഐ പരിഞ്ജാനം പ്രധാന ഘടകമായി മാറിയിരിക്കുന്നു. വിവിധ സ്ഥാപനങ്ങളുടെ തൊഴില്‍ പരസ്യങ്ങളിലും എഐയുടെ പ്രധാന്യം പ്രകടമായി തന്നെ കാണാനാകും. എഐ സാങ്കേതിക വിദ്യയിലെ അറിവ് ഒരു അധിക യോഗ്യത എന്നതിലുപരി പ്രധാന യോഗ്യതായായും മാറുകയാണ്. ഗള്‍ഫ് മേഖലയിലെ 66 ശതമാനം പ്രൊഫഷണലുകളും ഇപ്പോള്‍ ജോലിസ്ഥലത്ത് എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഉത്പ്പാദനക്ഷമതക്കൊപ്പം സര്‍ഗ്ഗാത്മകതയും വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
പുതിയ ജോലി തേടുന്നവരെ സംബന്ധിച്ച് എങ്ങനെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച ഫലങ്ങള്‍ ഉണ്ടാക്കാം എന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. വരും നാളുകളില്‍ എല്ലാ മേഖലയിലും കൂടുതലായി എഐ സാങ്കേതിക വിദ്യ കടന്നു വരുന്നതോടെ ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവരുടെ ജോലി സാധ്യതയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: