'ഉമ്മൻ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് KSRTCയുടെ പടി താഴ്ത്തിയത്, ചാണ്ടിക്ക് അറിയില്ലെങ്കിൽ അമ്മയോട് ചോദിക്ക്'

ഇതിനെ കുറിച്ച് ചാണ്ടി ഉമ്മന് അറിയില്ലെങ്കിൽ അമ്മയോട് ചോദിച്ച് നോക്കണമെന്നും കെ ബി ​ഗണേഷ് കുമാർ വ്യക്തമാക്കി

'ഉമ്മൻ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് KSRTCയുടെ പടി താഴ്ത്തിയത്, ചാണ്ടിക്ക് അറിയില്ലെങ്കിൽ അമ്മയോട് ചോദിക്ക്'
dot image

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാൻ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താൻ ഗതാഗത വകുപ്പ് മന്ത്രിയായപ്പോൾ

ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടിയെ ഒരിടത്തുവെച്ച് കണ്ടുവെന്നും പ്രായമായവർക്ക് കെഎസ്ആർടിസി ബസ്സിൽ കയറാൻ പടിയുടെ ഉയരക്കൂടുതൽ കാരണം ബുദ്ധിമുട്ടാണെന്നും അവർ തന്നോട് പറഞ്ഞിരുന്നുവെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇക്കാര്യം പരിഗണിച്ചാണ് ബസുകളുടെ പടിക്കെട്ടിന്റെ ഉയരം കുറച്ചതെന്ന് മന്ത്രി പറയുന്നു.

'മന്ത്രിയായി വന്നശേഷം ഉമ്മൻ ചാണ്ടി സാറിന്‍റെ ഭാര്യയെ ഒരിടത്തുവെച്ച് കണ്ടു. ചേച്ചിയാണ് എന്നോട് പറഞ്ഞത് ഗണേശാ...പ്രായമായവർക്ക് ബസ്സിൽ കയറാൻ വലിയ ബുദ്ധിമുട്ടാണ്. പടിയൊന്ന് താഴ്ത്തുമോയെന്ന്. ശരി ചേച്ചിയെന്ന് ഞാനും പറഞ്ഞു. താഴ്ത്തി കൊടുത്തു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് കെഎസ്ആർടിസി ബസിന്‍റെ പടി താഴ്ത്തിയത്. ഇത് ചാണ്ടി ഉമ്മന് അറിയില്ലെങ്കിൽ അമ്മയോട് ചോദിക്കണം. ചേച്ചീ താഴ്ത്തിവെച്ചിട്ടുണ്ടെന്ന് പിന്നീട് ഒരു ദിവസം കണ്ടു. അത്രയും പരിഗണനയുണ്ട് കെട്ടോ. ആ കുഞ്ഞിന് അത് മനസ്സിലായില്ല. കുഞ്ഞിന് ചേട്ടനെ അറിയാത്തോണ്ട', കെ ബി ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് മറുപടി.

'തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മന്‍ചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തെരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? എന്റെ കുടുംബം തകര്‍ത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരില്‍ ഏത് കേസ് ആണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു', കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

സോളാര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണെന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു. പത്തനാപുരം മാങ്കോട് നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആര്‍ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്‌കുമാറിന്റെ അമ്മയെ ഞാന്‍ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്‌നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്‌നേഹിച്ചത്. എന്നിട്ടും സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നത്', എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.

Content Highlight : K B Ganesh Kumar says Oommen Chandy's wife is the reason for reducing the height of the steps of KSRTC buses

dot image
To advertise here,contact us
dot image