എന്തൊരു ധൈര്യം! സിഗരറ്റ് വലിച്ച് മാസ്സായി ഇന്റർവ്യൂവിൽ ഷാരൂഖ് ഖാൻ; വീണ്ടും വൈറലായി പഴയ വീഡിയോ

ഒരു കയ്യിൽ സിഗരറ്റും ഒരു കയ്യിൽ മൈക്കുമായിട്ടാണ് ഷാരൂഖ് വീഡിയോയിൽ ഉള്ളത്

എന്തൊരു ധൈര്യം! സിഗരറ്റ് വലിച്ച് മാസ്സായി ഇന്റർവ്യൂവിൽ ഷാരൂഖ് ഖാൻ; വീണ്ടും വൈറലായി പഴയ വീഡിയോ
dot image

സിനിമാതാരങ്ങളുടെ പഴയ അഭിമുഖങ്ങൾ വീണ്ടും വൈറലാകുന്നത് പതിവാണ്. അവർ അന്ന് പറഞ്ഞ വാക്കുകളും സ്റ്റൈലുമെല്ലാം പലപ്പോഴും ഇന്നത്തെ പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ അത്തരത്തിൽ ഒരു അഭിമുഖം ആണ് വീണ്ടും ചർച്ചയാകുന്നത്.

അസീസ് മിർസ സംവിധാനം ചെയ്തു ഷാരൂഖ് ഖാൻ നായകനായി എത്തിയ സിനിമയാണ് ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി. സിനിമയുടെ പ്രസ് മീറ്റിൽ സിഗരറ്റ് വലിച്ചുകൊണ്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന ഷാരൂഖിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കയ്യിൽ സിഗരറ്റും ഒരു കയ്യിൽ മൈക്കുമായിട്ടാണ് ഷാരൂഖ് വീഡിയോയിൽ ഉള്ളത്. 'അന്നത്തെ കാലം! ഇന്നാണെങ്കിൽ ആളുകൾ എല്ലാത്തിനെയും ജഡ്ജ് ചെയ്യും. ഇന്ന് പുകവലിക്കാർ പോലും നിങ്ങൾക്ക് ഉപദേശം നൽകും' എന്ന ക്യാപ്ഷനൊപ്പമാണ് ഒരാൾ എക്സിൽ ഈ വീഡിയോ പങ്കുവെച്ചത്. നിറയെ കമന്റുകൾ ആണ് ഈ വീഡിയോക്ക് താഴെ നിറയുന്നത്. ഷാരൂഖിന്റെ സ്റ്റൈലിനെ സമ്മതിക്കണമെന്നാണ് ഒരാളുടെ കമന്റ്. അതേസമയം, നിറയെ വിമർശനങ്ങളും ഈ വീഡിയോക്ക് ലഭിക്കുന്നുണ്ട്. പൊതു ഇടത്ത് പുകവലിക്കുന്നത് നല്ലതല്ലെന്നാണ് ചിലരുടെ അഭിപ്രായം.

സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന കിംഗ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് ചിത്രം. സിനിമയുടെ ടൈറ്റിൽ വീഡിയോ നടന്റെ പിറന്നാൾ ദിനം പുറത്തുവന്നിരുന്നു. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. ആദ്യം ഡിസംബർ 4 ന് ആയിരുന്നു റിലീസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ നവംബർ അവസാന വാരം ബിഗ് ബജറ്റ് ചിത്രം രാമായണ പുറത്തിറങ്ങുന്നതിനാൽ ക്രിസ്മസിലേക്ക് റിലീസ് മാറ്റിവെക്കാൻ കിംഗ് ടീം തീരുമാനിക്കുകയായിരുന്നു എന്ന് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു.

ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കിംഗിനുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.

Content Highlights: Shahrukh Khan's old video of smoking during press meet goes viral

dot image
To advertise here,contact us
dot image