

യുഎഇയില്‍ മഴയുടെ തോത് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ദേശീയ കാലാവസ്ഥാ കേന്ദ്രം. ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങള്‍ കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം. ഇതിനായി അന്താരാഷ്ട്ര ശാസത്രഞ്ജര്‍ക്ക് 15 ലക്ഷം ഡോളര്‍ ഗ്രാന്റ് അനുവദിച്ചു. മഴയുടെ തോത് വര്‍ധിപ്പിക്കുന്നതിനായി മൂന്ന് ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങളാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുക.
യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സിന്റെ ആറാം ഘട്ടത്തിന്റെ ഭാഗമായി മൂന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരെ ഇതിനായി തെരഞ്ഞെടുത്തു. 48 രാജ്യങ്ങളില്‍ നിന്നുള്ള 140 ഗവേഷകരില്‍ നിന്നാണ് മൂന്ന് പേര്‍ അവസാന പട്ടികയില്‍ എത്തിയത്. അമേരിക്കയിലെ കൊളറാഡോയില്‍ നിന്നുള്ള റഡാര്‍ കാലാവസ്ഥാ വിദഗ്ധന്‍ ഡോ. മൈക്കല്‍ ഡിക്‌സണ്‍, ആസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ പ്രഫ. ലിന്‍ഡ സൂ, ജര്‍മനിയിലെ ഹോഹന്‍ ഹൈം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ഡോ. ഒലിവര്‍ ബ്രാഞ്ച് എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് 15 ലക്ഷം ഡോളര്‍ ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. ഓരോ പദ്ധതിക്കും വര്‍ഷത്തില്‍ പരമാവധി 5.5 ലക്ഷം ഡോളര്‍ വരെ ലഭിക്കും.
ഗവേഷണങ്ങളുടെ ഭാഗമായി ആഴത്തിലുള്ള പഠനങ്ങളും വിജ്ഞാന കൈമാറ്റവും നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സ് ഉപയോഗിച്ച് മേഘങ്ങള്‍ കൂടുതല്‍ കൃത്യമായി കണ്ടെത്താനും പരിസ്ഥിതി സൗഹൃദ നാനോ വസ്തുക്കളുടെ സഹായത്തോടെ പുതിയ ക്ലൗഡ് സീഡിങ്ങുകൾ വികസിപ്പിക്കാനും മണല്‍തിട്ടകളുടെ രൂപകല്പനയിലൂടെ മഴക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കാനുമാണ് ഗവേഷണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 2015ല്‍ ഗ്രാന്റ് സ്ഥാപിതമായതുമുതല്‍ 2.5 കോടി ഡോളര്‍ ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങള്‍ക്കായി ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
വര്‍ഷത്തില്‍ ശരാശരി 100 മില്ലീമീറ്റര്‍ മാത്രം മഴ ലഭിക്കുന്ന യുഎഇ ജലത്തിനായി പ്രധാനമായും കടല്‍വെള്ള ശുദ്ധീകരണത്തെയാണ് ആശ്രയിക്കുന്നത്. ഇത് ജലസുരക്ഷക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ക്ലൗഡ് സീഡിംഗ് പദ്ധതി വികസിപ്പിക്കുന്നത്. ശുദ്ധമായ അന്തരീക്ഷത്തില്‍ മഴയുടെ തോത് 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ ക്ലൗഡ് സീഡിങ് വഴി മഴ സൃഷ്ടിക്കാനല്ല ശ്രമിക്കുന്നതെന്നും നിലവിലുള്ള മേഘങ്ങളില്‍ നിന്ന് മഴയുടെ അളവ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Content Highlights: UAE authorities are implementing additional measures to enhance rainfall using cloud seeding technology