യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരണം; ഷാർജ വിമാനത്താവളത്തിൽ തിരക്ക് കൂടുന്നതായി അധികൃതർ

തിരക്ക് മൂലം ചെക്ക് ഇന്‍ നടപടികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.

യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരണം; ഷാർജ വിമാനത്താവളത്തിൽ തിരക്ക് കൂടുന്നതായി അധികൃതർ
dot image

ഷാര്‍ജ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് എത്തിച്ചേരണമെന്ന നിര്‍ദേശവുമായി എയര്‍പോര്‍ട്ട് അതോറിറ്റി. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി വരുന്ന നാല് ദിവസങ്ങളില്‍ ഷാര്‍ജ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങളുടെ യാത്ര കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമാണ് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്തവളത്തില്‍ എത്തണമെന്നതാണ് പ്രധാന നിര്‍ദേശം. തിരക്ക് മൂലം ചെക്ക് ഇന്‍ നടപടികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ഡിജിറ്റല്‍, ഫാസ്റ്റ്-ട്രാക്ക് സേവനങ്ങള്‍ ഉപയോഗിച്ച് യാത്രാ നടപടികള്‍ വേഗത്തിലാക്കണമെന്ന അറിയിപ്പും വിമാനത്താവള അധികൃതര്‍ നല്‍കുന്നു.

സ്വയം ചെക്ക്-ഇന്‍ ചെയ്യാവുന്ന കിയോസ്‌ക്കുകള്‍, ബാഗേജ് ഡ്രോപ്പ് സൗകര്യങ്ങള്‍, സ്മാര്‍ട്ട് ഗേറ്റുകള്‍, ഫാസ്റ്റ്-ട്രാക്ക് ഓപ്ഷനുകള്‍, ഹാല സര്‍വീസ് തുടങ്ങിയ സേവനങ്ങളും വിമാനത്താവളത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക്-ഇന്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതിന് പുറമെ എയര്‍ അറേബ്യയും ഫളൈ ജിന്ന എയര്‍ ലൈന്‍സും ഹോം ചെക്ക്-ഇന്‍ സേവനവും ലഭ്യമാക്കുന്നുണ്ട്.

ലെഗേജ് നേരത്തെ ഏല്‍പ്പിക്കുന്നതിനാല്‍ ഇത്തരം യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോള്‍ തന്നെ നേരിട്ട് പാസ്‌പോര്‍ട്ട് പരിശോധന കൗണ്ടറിലേക്ക് പോകാനാകും. ഡിപാര്‍ച്ചര്‍ ഏരിയയിലേ പ്രധാന കവാടത്തില്‍ അല്‍ ദിയാഫ ലോഞ്ചും തുറന്നു. തിരക്കേറിയ സമയങ്ങളില്‍ പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി വിമാനത്താവളത്തില്‍ ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ശൈത്യകാലത്ത് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുഗമമായ യാത്രാനുഭവം നല്‍കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്ന് ഷാര്‍ജ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Sharjah Airport is urging passengers to arrive at least three hours before departure

dot image
To advertise here,contact us
dot image