

യുഎഇയിൽ ജനുവരി മാസത്തെ ഇന്ധനവിലയിൽ കുറവുണ്ടായേക്കുമെന്ന് സൂചന. ഡിസംബറിൽ ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞ നിലയിൽ തുടരുന്നത് അടുത്ത മാസത്തെ ഇന്ധനവിലയിലും പ്രതിഫലിക്കുമെന്നാണ് സൂചന. ഡിസംബറിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 61.51 ഡോളർ ആയിരുന്നു. കഴിഞ്ഞ മാസം ഇത് ബാരലിന് 63.70 ഡോളറുമായിരുന്നു.
സാമ്പത്തിക വൈവിധ്യവൽക്കരണ നയങ്ങളുടെ ഭാഗമായി സബ്‌സിഡികൾ നിർത്തലാക്കിക്കൊണ്ട്, 2015-ലാണ് യുഎഇ പെട്രോൾ വില ആഗോള എണ്ണ നിരക്കുകളുമായി ഏകീകരിച്ചത്. ആഗോള എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് ഓരോ കാലയളവിലേക്കുമുള്ള പെട്രോൾ, ഡീസൽ വിലകൾ ക്രമീകരിക്കുന്നത്.
യുഎഇയിൽ 2025 ഡിസംബറിലെ പെട്രോൾ വില നവംബറിനെ അപേക്ഷിച്ച് വർധിക്കുകയാണുണ്ടായത്. പുതുക്കിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് 2.70 ദിർഹവും സ്പെഷ്യൽ 95 പെട്രോളിന് 2.58 ദിർഹവും ഇ-പ്ലസ് പെട്രോളിന് 2.51 ദിർഹവുമായിരുന്നു ഒരു ലിറ്ററിന്റെ വില.
Content Highlights: UAE fuel rates might drop in January 2026