

ശ്രീലങ്കൻ വനിതകൾക്കെതിരായ നാലാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. കാര്യവട്ടത്ത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 221 റൺസ് അടിച്ചെടുത്തു. ഓപ്പണർമാരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്. 48 പന്തിൽ 80 റൺസ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ആദ്യ മൂന്ന് മത്സരവും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സ്മൃതി മന്ദാനയാണ് ഇത്തവണ മികച്ച രീതിയിലാണ് ബാറ്റുവീശിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസ് ഷഫാലിയും മന്ദാനയും ചേർന്ന് അടിച്ചെടുത്തു. 30 പന്തിൽ ഷഫാലിയും 35 പന്തിൽ സ്മൃതി മന്ദാനയും അർധ സെഞ്ച്വറി തികച്ചു.
ഒന്നാം വിക്കറ്റിൽ 162 റൺസാണ് മന്ദാന-ഷഫാലി സഖ്യം കൂട്ടിച്ചേർത്തത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 46 പന്തുകളിൽ 79 റൺസ് നേടി ഷഫാലി മടങ്ങിയതിന് പിന്നാലെ 48 പന്തിൽ 80 റൺസ് നേടി സ്മൃതിയും മടങ്ങി. പിന്നാലെയെത്തിയ റിച്ച ഘോഷും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. 16 പന്തിൽ 40 റൺസുമായി റിച്ച ഘോഷും 10 പന്തിൽ 16 റൺസ് നേടി ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു.
Content Highlights: IND-W vs SL-W, 4th T20: India Women set target of 222 as Shafali Verma, Smriti Mandhana score half centuries