
യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഇനി ഗൂഗിളിന്റെ ജനറേറ്റീവ് എഐ ടൂളായ ജെമിനി പ്രോ ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. ഗൂഗിളും യുഎഇ സർക്കാരും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ് സംരംഭം. എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗവേഷണ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും വീഡിയോകൾ സൃഷ്ടിക്കാനും പ്രോജക്റ്റുകൾ ചിട്ടപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുന്നു.
18 വയസിന് മുകളിലുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിഗത ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് 2025 ഡിസംബർ 9-ന് മുമ്പ് ജെമിനി 2.5 പ്രോയുടെ 12 മാസത്തെ കോംപ്ലിമെന്ററി ആക്‌സസിനായി രജിസ്റ്റർ ചെയ്യാം. എഴുത്ത്, ചിത്രങ്ങൾ, വീഡിയോ എന്നിവ സൃഷ്‌ടിക്കാനും ഗവേഷണം നടത്താനും ദൈനംദിന കാര്യങ്ങൾ ചിട്ടപ്പെടുത്താനും ജെമിനി ടൂൾ ഉപയോഗിക്കാം.
'എല്ലാ മേഖലകളിലും കഴിവുകൾ വികസിപ്പിക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നൂതനാശയങ്ങൾക്ക് വേഗത കൂട്ടുന്നതിനും എഐയെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ഉപയോഗപ്പെടുത്തുന്നതിന് യുഎഇ മുൻഗണന നൽകുന്നു.' ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് എന്നിവയുടെ യുഎഇ സ്റ്റേറ്റ് മന്ത്രിയായ ഒമർ സുൽത്താൻ അൽ ഒലാമ അറിയിച്ചു.
എഐ വിദ്യഭ്യാസത്തിന് ലോകത്ത് താൽപ്പര്യം വർദ്ധിച്ചുവരുന്നതായി ഗൂഗിളിന്റെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മാനേജിങ് ഡയറക്‌ടർ ആയ ആൻ്റണി നകാഷെ പ്രതികരിച്ചു. 'കഴിഞ്ഞ രണ്ട് മാസത്തിനിടെ എഐ പഠന സംബന്ധിയായ വിഷയങ്ങൾ എന്ന വിഷയത്തിലുള്ള ഗൂഗിൾ തിരച്ചിലുകൾ 110 ശതമാനം വർദ്ധിച്ചെന്നാണ് ഗൂഗിൾ ട്രെൻഡ്സ് കാണിക്കുന്നത്. മികച്ച വിദ്യാഭ്യാസത്തിനായി ആധുനിക സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള നല്ല മനോഭാവമാണ് ഇത് സൂചിപ്പിക്കുന്നത്,' ആൻ്റണി നകാഷെ വ്യക്തമാക്കി.
Content Highlights: UAE students can now get free access to Google Gemini Pro for a year