
യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ കൗണ്‍സില്‍. വിവിധ കമ്പനികളുടെ ഓണ്‍ലൈന്‍ യോഗങ്ങളിലടക്കം തട്ടിപ്പുകാര്‍ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് വീണ്ടും മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്.
സൈബർ തട്ടിപ്പു സംഘത്തിന്റെ ശൃംഖല വിപുലമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിവിധ കമ്പനികളുടെ ഓണ്‍ലൈന്‍ മീറ്റിങ്ങുകളിലടക്കം ഇത്തരക്കാര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. വിലപ്പെട്ട രേഖകളും വിവരങ്ങളും സ്വന്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ സ്വന്തമാക്കാന്‍ തട്ടിപ്പ് സംഘത്തിന് കഴിയും.
ആന്റിവൈറസ് സോഫ്റ്റ് വെയറുകളും ശക്തമായ പാസ്വേഡുകളും ഉപയോഗിച്ച് സ്വയം സുരക്ഷിതരാകാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നത് അഡ്മിന്റെ അനുമതിയോടെ മാത്രമാക്കുക, അക്ഷരവും അക്കങ്ങളും ചിഹ്നങ്ങളും ചേര്‍ത്ത് സുരക്ഷിത പാസ്വേഡുകള്‍ തയാറാക്കുക, പാസ് വേര്‍ഡ് ഇടക്കിടക്ക് മാറ്റുക, യോഗത്തില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കൗണ്‍സില്‍ മുന്നോട്ടുവെച്ചു.
ഓരോ മീറ്റിങ്ങിനും പുതിയ ലിങ്ക് ഉണ്ടാക്കുന്നത് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലും വിവിധ ഓണ്‍ലൈന്‍ സൈറ്റുകളിലും കാണുന്ന അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Content Highlights: UAE warns against cyber fraud