
ഷാര്‍ജ: ഷാര്‍ജയില്‍ കാണാതായ മലയാളി യുവതിയെ ദുബായില്‍ നിന്ന് കണ്ടെത്തി. അബുഷഗാറയില്‍ നിന്ന് കാണാതായ റിതിക(22)യെയാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്. ദുബായ് ഊദ് മേത്തയില്‍ നിന്നായിരുന്നു റിതികയെ കണ്ടെത്തിയത്. മാധ്യമങ്ങളിലെ വാര്‍ത്ത കണ്ട ഒരാള്‍ പെണ്‍കുട്ടിയെ തിരിച്ചറിയുകയും മാതാപിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ മാതാപിതാക്കളെത്തി റിതികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. പഴയ സഹപാഠികളെ കാണുന്നതിനായാണ് താന്‍ ദുബായിലേക്ക് പോയത് എന്നായിരുന്നു റിതികയുടെ വിശദീകരണം.
ഇന്നലെ വൈകീട്ട് സഹോദരനൊപ്പം രക്തം പരിശോധിക്കുന്നതിനായി അടുത്തുള്ള ക്ലിനിക്കിലേക്ക് പോയതായിരുന്നു റിതിക. രക്തം നല്‍കി അഞ്ച് മിനിട്ടിനകം സഹോദരന്‍ തിരിച്ചെത്തുമ്പോളേക്കും റിതികയെ കാണാതായിരുന്നു. ക്ലിനിക്കിന്റെ പിറകുവശത്ത് കൂടി റിതിക പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് പരിസരങ്ങളില്‍ അന്വേഷിച്ചെങ്കിലും റിതികയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ 27 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ് റിതികയും കുടുംബവും. റിതിക ജനിച്ചതും പഠിച്ചതുമെല്ലാം ഷാര്‍ജയിലാണ്. പത്താം ക്ലാസ് വരെ പഠിച്ച ശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ചിത്രരചനയില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ അധ്യാപകന്‍ വീട്ടിലെത്തി പഠിപ്പിക്കുമായിരുന്നു. അതിനാല്‍ മകള്‍ക്ക് സുഹൃത്തുക്കള്‍ കുറവായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ക്ക് വീട്ടിലോ അല്ലാതെയോ പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് റിതികയുടെ അമ്മ പറഞ്ഞു. മകളെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് അവര്‍ നന്ദി പറഞ്ഞു.
Content Highlight; Malayali girl found safe in Dubai after going missing in Sharjah