
സ്വര്‍ണത്തിന്റെ വിലയില്‍ കേരളത്തേക്കാള്‍ മുന്നിലാണോ ദുബൈ? യുഎഇയില്‍ നിന്ന് നമുക്ക് എത്ര സ്വര്‍ണം കൊണ്ടുവരാം? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? സ്വര്‍ണ നഗരമായ ദുബൈയില്‍ ഒരു സ്വര്‍ണ ഖനിപോലും ഇല്ല എന്നതാണ് വാസ്തവം. പക്ഷേ എന്തുകൊണ്ടായിരിക്കാം യുഎഇയിലെ സ്വര്‍ണവിപണി ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നത്. അതിന് ഒരേയൊരു കാരണമേയുള്ളൂ ഇവിടെ സ്വര്‍ണത്തിന് നികുതി ഇല്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യക്കാരായ ചൈനയും ഇന്ത്യയുമാണ് യുഎഇയില്‍ നിന്ന് കൂടുതലും സ്വര്‍ണം വാങ്ങുന്നത്.
യുഎഇയിലെ സ്വര്‍ണവില
ദിവസം മൂന്ന് തവണയാണ് യുഎഇയിലെ സ്വര്‍ണവിലയില്‍ മാറ്റം വരുന്നത്. ദിര്‍ഹത്തിലാണ് വ്യാപാരം നടക്കുന്നതും. ഇപ്പോഴത്തെ വിലയുടെ അടിസ്ഥാനത്തില്‍ യുഎഇയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊടുത്ത് 20 ഗ്രാം സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെങ്കില്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 7000 രൂപ ലാഭം കിട്ടും. ഇങ്ങനെ അവിടെനിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ദുബൈ സെന്‍ട്രല്‍ ലബോറട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കുന്ന ബരീഖ് സര്‍ട്ടിഫിക്കറ്റ് സ്വര്‍ണത്തിന് ഉണ്ടോ എന്ന് നോക്കേണ്ടതാണ്.
ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരുമ്പോള്‍
വിലക്കുറവാണെന്നു കരുതി നാട്ടിലേക്ക് കണക്കില്ലാതെ സ്വര്‍ണം കൊണ്ടുവരാം എന്ന് വിചാരിക്കേണ്ട. നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്. പറഞ്ഞിരിക്കുന്ന അളവില്‍ കൂടുതല്‍ കൊണ്ടുവരുന്നവര്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടി വരും.ഇന്ത്യയിലേക്ക് ഒരു കിലോഗ്രാം സ്വര്‍ണം കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് ആറ് മാസം വിദേശത്ത് താമസിച്ചിരിക്കണം. സ്ത്രീകള്‍ക്കും 15 വയസില്‍ താഴെയുളള കുട്ടികള്‍ക്കും 40 ഗ്രാം വരെ സ്വര്‍ണം കൊണ്ടുവരാം. പുരുഷന്മാര്‍ക്ക് 20 ഗ്രാം സ്വര്‍ണവും. എത്ര അളവിലുള്ള സ്വര്‍ണമായാലും ബില്ല് നിര്‍ബന്ധമാണ്.പക്ഷേ ഇന്ത്യയിലെ പോലെ ജിഎസ്ടി ആവശ്യമില്ല.
കസ്റ്റംസ് ഡ്യൂട്ടി ഇപ്രകാരം
പുരുഷന്മാര്‍ക്ക് 20 മുതല്‍ 50 ഗ്രാം, സ്ത്രീകള്‍ക്ക് 40-100 ഗ്രാമിനും മൂന്ന് ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടതാണ്. നികുതിയുടെ കാര്യത്തില്‍ പുരുഷന്മാര്‍ക്ക് 50 മുതല്‍ 100 ഗ്രാം വരെയും സ്ത്രീകള്‍ക്ക് 100 മുതല്‍ 200 ഗ്രാം വരെയും ആറ് ശതമാനമാണ് നികുതി. 100 ഗ്രാമിന് മുകളില്‍കൊണ്ടുവന്നാല്‍ പുരുഷന്മാരും 200 ഗ്രാമിന് മുകളില്‍ കൊണ്ടുവന്നാല്‍ സ്ത്രീകളും പത്ത് ശതമാനം വരെ കസ്റ്റംസ് നികുതി കൊടുക്കണം. കസ്റ്റംസ് നികുതി അടച്ചില്ലെങ്കില്‍ വലിയ പിഴയും നിയമനടപടിയും നേരിടേണ്ടിവരും.
Content Highlights :How much does gold cost in the UAE? How much gold can you bring India ? Things to keep in mind when bringing gold India from the UAE