

ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെ പുക ശ്വസിച്ച് മരിച്ച മകനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് പിതാവ്. സുൽത്താൻ ബിൻ അലി മൽ മസ്തൂർ അൽ ഖഹ്താനിയുടെ പിതാവിൻ്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെ മുന്നിട്ടിറങ്ങിയ മകന്റെ പ്രവൃത്തിയിൽ അഭിമാനമുണ്ടെന്നും അവൻ രക്തസാക്ഷിയാണെന്നും പിതാവ് അലി അൽ ഖഹ്താനി പറഞ്ഞു.
ഒക്ടോബർ 21 ബുധനാഴ്ച വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെയാണ് സുൽത്താൻ ബിൻ അലി അൽ മസ്തൂർ അൽ ഖഹ്താനി അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിൽ പതിച്ച പ്രൊജക്ടൈലിനെത്തുടർന്ന് യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന് തീപിടിച്ചിരുന്നു. തീ വിമാനത്തിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെട്ട സുൽത്താനും സഹപ്രവർത്തകരും ഉടൻ സംഭവസ്ഥലത്തെത്തി കയ്യിലുണ്ടായിരുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടയിൽ പുക ശ്വസിച്ചതിനെത്തുടർന്ന് സുൽത്താന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഹൂതി ആക്രമണമെന്നാണ് സംഭവത്തെ സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്ടങ്ങളുണ്ടായതായും എട്ട് പേർക്ക് പരിക്കേറ്റതായും സൗദി വ്യോമയാന അധികൃതർ അറിയിച്ചു. സംഭവത്തിൽ ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് മരിച്ചവരിൽ ഒരാൾ സൗദി പൗരനാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
വിമാനത്താവളത്തിലെ ജോലിക്കപ്പുറം കുടുംബത്തോടുള്ള സ്നേഹവും അടുപ്പവും കൊണ്ട് സുൽത്താൻ പ്രിയപ്പെട്ടവനായിരുന്നുവെന്ന് പിതാവ് ഓർത്തെടുത്തു. ഭാര്യയും രണ്ട് ആൺമക്കളും നാല് പെൺമക്കളുമടങ്ങുന്നതാണ് സുൽത്താന്റെ കുടുംബം. മകന്റെ വിയോഗത്തിൽ വലിയ ദുഃഖമുണ്ടെങ്കിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയ സുൽത്താന്റെ ധീരതയിൽ അഭിമാനിക്കുന്നുവെന്നും പിതാവ് പറഞ്ഞു.
Content Highlights: Saudi father paid tribute to his son, who lost his life while helping protect passengers during a fire at King Fahd International Airport in Dammam.