SMA മരുന്ന് വിവാദം: ജനറിക് മരുന്നിന് സിപിഐഎം എതിരല്ലെന്ന് പി കെ ശ്രീമതി

'എസ്എംഎ മരുന്നില്‍ സാങ്കേതിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്'

SMA മരുന്ന് വിവാദം: ജനറിക് മരുന്നിന് സിപിഐഎം എതിരല്ലെന്ന് പി കെ ശ്രീമതി
dot image

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യ മന്ത്രി പികെ ശ്രീമതി. ജനറിക് മരുന്നിന് എല്‍ഡിഎഫ് എതിരല്ല എന്നും വിലകുറച്ച് മരുന്ന് കിട്ടുന്നത് നല്ല കാര്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു. എസ്എംഎ മരുന്നില്‍ സാങ്കേതിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും രക്ഷിതാക്കളുടെ ആശങ്കയാണ് ഉന്നയിച്ചതെന്നും ശ്രീമതി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത് ലഘുവായ വിമര്‍ശനം മാത്രമാണ്. ആരോഗ്യ മന്ത്രിയുടെ മറുപടിയില്‍ നിലവാരമില്ലാത്ത പരാമര്‍ശങ്ങളാണുള്ളത്. അതേ നിലവാരത്തില്‍ മറുപടി പറയാന്‍ തനിക്ക് കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ജനറിക് മരുന്ന് വാങ്ങിയിരുന്നു. സിപിഐഎം ജനറിക് മരുന്നിനെതിരാണെന്ന് വരുത്താന്‍ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. തികച്ചും അസംബന്ധമായ ആരോപണമാണ്. എസന്‍ഷ്യല്‍ മരുന്ന് ലിസ്റ്റിലുള്‍പ്പെട്ട 800 ലധികം മരുന്ന് കെഎംസിഎല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വാങ്ങിയിരുന്നു. കെഎംസിഎല്‍ വഴി വാങ്ങുന്ന മരുന്നുകള്‍ക്ക് ലേബലുണ്ട്. സര്‍ക്കാരാശുപത്രികളിലേക്ക് ഇതു വഴി മാത്രമേ മരുന്ന് വാങ്ങാവൂ. അല്ലാതെ എങ്ങനെയാണ് മരുന്ന് എത്തിയത്? ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയ മരുന്ന് കുഞ്ഞിന് കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോഴാണ് വിഷയം ഉന്നയിച്ചത്. അത് വിശദീകരിക്കാതെ ആരോഗ്യമന്ത്രി പ്രത്യാരോപണം നടത്തുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു.

എസ്എംഎ രോഗികൽക്ക് നൽകിയിരുന്ന മരുന്ന് മാറ്റിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്നാണ് വിതരണം ചെയ്തതെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മൂന്ന് മന്ത്രിമാർ ചേർന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങിയെന്നും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ കെ മുരളീധരൻ ഇവർക്ക് മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു.

മരുന്ന് ഗുണനിലവാരം ഉള്ളതാണെന്ന് ഡോക്ടര്‍മാരുടെ സംഘം ഉറപ്പുവരുത്തിയെന്നും അതുകൊണ്ടു തന്നെ തീരുമാനം മാറ്റില്ലെന്നുമാണ് കെ മുരളീധരന്‍ വ്യക്തമാക്കിയത്. ആശങ്ക പ്രതിപക്ഷം ഉണ്ടാക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു. പിന്നാലെ മരുന്നിന് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തുവന്നു. എല്‍ഡിഎഫ് കാലത്ത് കെഎംഎസ്സിഎല്‍ മരുന്ന് വാങ്ങിയതില്‍ എല്ലാ അന്വേഷണം ഉണ്ടാകുമെന്നും ഒന്നും വെറുതെ വിടാന്‍ പോകുന്നില്ലെന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞത്. വിദേശ കമ്പനിയുടെ മരുന്ന് ഇനി അനുവദിക്കുന്ന പ്രശ്നം ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights: Former Kerala Health Minister PK Sreemathi clarifies that the LDF is not against generic medicines, saying concerns over the SMA medicine arose after parents questioned the use of medicine labelled for clinical trials

dot image
To advertise here,contact us
dot image