

ആഗോള സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനികളെയും നിക്ഷേപകരെയും പ്രൊഫഷണലുകളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ ‘റിയാദ് ഡിജിറ്റൽ ഡിസ്ട്രിക്റ്റ്’ പ്രഖ്യാപിച്ചു. തലസ്ഥാനമായ റിയാദിനെ ലോകത്തിലെ മുൻനിര 10 സാങ്കേതികവിദ്യാ കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റാനും രാജ്യത്തിന്റെ ' വിഷൻ 2030' സാമ്പത്തിക വൈവിധ്യവത്ക്കരണ പദ്ധതിക്ക് കരുത്തേകാനും ലക്ഷ്യമിട്ടാണ് റോയൽ കമ്മിഷൻ ഫോർ റിയാദ് സിറ്റി (RCRC) പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
ഭാവി സാങ്കേതിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ആറ് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും ഡിജിറ്റൽ ഡിസ്ട്രിക്റ്റിന്റെ പ്രവർത്തനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബിഗ് ഡാറ്റ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ് ആന്റ് സർവീസസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ബ്ലോക്ക്ചെയിൻ, റോബോട്ടിക്സ് ആന്റ് ഡ്രോൺ സാങ്കേതികവിദ്യ എന്നിവയാണ് ഈ മേഖലകൾ.
ആഗോള സാങ്കേതികവിദ്യാ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ സഹായങ്ങളും നിയമപരമായ സൗകര്യങ്ങളും ഇവിടെ ഒരുക്കും. റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഇത് കമ്പനികളെ സഹായിക്കും. സൗകര്യപ്രദമായ വർക്ക്‌സ്‌പേസുകൾ, സർക്കാർ-സ്വകാര്യ ഏജൻസികളുമായുള്ള പങ്കാളിത്ത അവസരങ്ങൾ എന്നിവയും ഇതിലൂടെ ലഭ്യമാകും.
തലസ്ഥാനത്തെ കൂടുതൽ സജീവമായ ഒരു സാങ്കേതിക സമൂഹമാക്കി മാറ്റുന്നതിനായി സംരംഭകർ, എഞ്ചിനീയർമാർ, ഗവേഷകർ, നിക്ഷേപകർ എന്നിവർക്കായി സ്ഥിരമായി ഒത്തുചേരലുകളും പൊതുപരിപാടികളും സംഘടിപ്പിക്കും. ഡിജിറ്റൽ മേഖലയിൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Saudi Arabia has announced the Riyadh Digital District project as part of its plans to strengthen the technology sector and position Riyadh as a major global IT and digital innovation hub.