
ദോഹയിൽ ഹമാസ് നേതാക്കൾക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി പ്രതിരോധ സഹകരണ കരാറിന് ഖത്തർ. അമേരിക്കയുമായുള്ള പ്രതിരോധ കരാറിന്റെ തീരുമാനം അന്തിമഘട്ടത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
'ദോഹയിലെ ആക്രമണം അതീവ ഗൗരവമേറിയതാണ്. ഖത്തർ യുഎസിന്റെ അടുത്ത സഖ്യകക്ഷിയും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിന്റെ ആസ്ഥാനവുമാണ്. ഏകദേശം രണ്ട് വർഷം മുമ്പ് ഗാസ യുദ്ധം ആരംഭിച്ചതുമുതൽ ഖത്തർ ഈജിപ്തിനൊപ്പം വെടിനിർത്തൽ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്യുന്നുണ്ട്.' ഗാസ യുദ്ധത്തിൽ വെടിനിർത്തൽ കരാറിലെത്താൻ ഇസ്രായേലും ഹമാസും തമ്മിലുള്ള മധ്യസ്ഥത തുടർന്നും വഹിക്കാൻ ഖത്തറിനോട് റൂബിയോ ആവശ്യപ്പെട്ടു.
'ലോകത്ത് ഏതെങ്കിലുമൊരു രാജ്യത്തിന് ഗാസയിലെ വെടിനിർത്തലിനായി മധ്യസ്ഥത വഹിക്കാൻ കഴിയുമെങ്കിൽ, അത് ഖത്തറിനാണ്. യുഎസും ഖത്തറും അടുത്ത പങ്കാളികളാണ്,' റൂബിയോ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. പിന്നാലെ ആറ് പേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് നിരവധി ലോകനേതാക്കൾ രംഗത്തെത്തുകയും ചെയ്തു.
Content Highlights: Qatar, US nearing defence deal after Israel’s attack in Doha