
കോട്ടയം: ആർപ്പൂക്കരയിൽ സ്‌കൂൾ മൈതാനത്തെ കാടിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തിന് സമീപം ഫുട്‌ബോൾ കളിക്കുന്ന കുട്ടികളാണ് പഴക്കമുള്ള തലയോട്ടിയും അസ്ഥിയും കണ്ടത്.
ഫുട്ബോള്‍ കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെയാണ് അസ്ഥികൾ കണ്ടതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തഹസിൽദാറുടെ സാന്നിധ്യത്തിൽ പൊലീസെത്തി അസ്ഥികളും തലയോട്ടിയും മണ്ണിന്റെ സാംപിളും ശേഖരിച്ചു. പിന്നാലെ ഇൻക്വസ്റ്റ് പൂർത്തിയാക്കി അസ്ഥികൾ മെഡിക്കൽ കോളേജ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.
ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സ്‌കൂൾ വളപ്പിനോട് ചേർന്ന് അസ്ഥികൾ എങ്ങനെ വന്നുവെന്നതിൽ അവ്യക്തത തുടരുകയാണ്. അസ്ഥികൾ മാസങ്ങൾ പഴക്കം തോന്നുന്നവയാണ്.
Content Highlights: Human Skull and bones found near forest on school ground