
2006ലെ ഇന്ത്യൻ ടീമിന്‍റെ പാകിസ്താന്‍ പര്യടനത്തിനിടെ താനുമായി ഉണ്ടായ ഒരു വാക്കുതർക്കം തുറന്നുപറഞ്ഞ ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി. അഫ്രീദി പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നെന്നും ഒരുപാട് നേരമായി കുരയ്ക്കുന്നുവെന്നും പാക് മുൻ താരം അബ്ദുൾ റസാഖിനോട് താൻ പറഞ്ഞിരുന്നെന്ന് ഓഗസ്റ്റ് മാസത്തിലാണ് ഇർഫാൻ പത്താൻ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇർഫാൻ പറഞ്ഞ കഥ തെറ്റാണെന്നും റസാഖ് പോലും ഇർഫാന്റെ പരാമർശം തള്ളിക്കളഞ്ഞിരുന്നുവെന്നും അഫ്രീദി അവകാശപ്പെട്ടു.
തന്നെക്കുറിച്ച് നുണക്കഥയുണ്ടാക്കിയ ഇർഫാൻ പത്താനെ മനുഷ്യനായി പോലും കാണാൻ സാധിക്കില്ലെന്ന് അഫ്രീദി തുറന്നടിച്ചു. ഇങ്ങനെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പത്താന് ഇപ്പോള്‍ പറഞ്ഞ കഥ തന്‍റെ മുഖത്തുനോക്കി പറയാന്‍ പത്താന് ധൈര്യമുണ്ടോ എന്നും അഫ്രീദി സമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
ഇതൊക്കെ കള്ളമാണെന്ന് അബ്ദുൾ റസാഖ് തന്നെ പറഞ്ഞിട്ടുണ്ട്. പട്ടിയിറച്ചിയെക്കുറിച്ച് ഒരു ചർച്ചയും ഉണ്ടായില്ല. മുഖാമുഖം സംസാരിക്കാൻ കഴിയുന്ന ആളുകൾ വരുന്നത് ഞാൻ ഇഷ്ടപെടുന്നു. പിന്നിൽ നിന്ന് സംസാരിക്കാൻ ആർക്കും കഴിയും, പക്ഷേ എന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ കഴിയുന്നവർക്ക് മാത്രമേ എനിക്ക് പ്രതികരിക്കാൻ കഴിയൂ, ഈ നുണയ്ക്ക് ഞാൻ എന്ത് മറുപടി നൽകണം", അഫ്രീദി പറഞ്ഞു.
Shahid Afridi accused @IrfanPathan of telling lies and challenged him to a face-to-face discussion. Afridi also claimed Pathan is attempting to prove his loyalty to India while opposing Pakistan.
— Slogger (@kirikraja) September 19, 2025
Who is gonna tell @SAfridiOfficial that Pathan doesn't need to prove anything, as… pic.twitter.com/3ViPYMve43
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പത്താന്‍ പഴയ സംഭവത്തെക്കുറിച്ച് പറഞ്ഞത്. '2006ല്‍ പാക് പര്യടനത്തിന്റെ ഭാഗമായി ഞങ്ങള്‍ കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ഇരുടീമുകളും ഒരുമിച്ചാണ് യാത്രയിലുണ്ടായിരുന്നത്. ഇടയ്ക്ക് ഷാഹിദ് അഫ്രീദി വന്ന് എന്റെ തലയില്‍ കൈവെച്ച് മുടിയെല്ലാം അലങ്കോലമാക്കി. എങ്ങനെയുണ്ട് കുട്ടീ, എന്നെല്ലാം ചോദിക്കുകയും ചെയ്തു. അദ്ദേഹം എന്നുമുതലാണ് എന്റെ അച്ഛനായതെന്ന് ഞാന്‍ ചിന്തിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ അദ്ദേഹത്തോടൊന്നും പറയാന്‍ പോയില്ല. അതിന് ശേഷം അഫ്രീദി എന്നോട് ചില മോശം കാര്യങ്ങള്‍ പറയുകയും ചെയ്തു. എന്റെ അടുത്ത സീറ്റിലാണ് അദ്ദേഹം ഇരുന്നത്', എന്നായിരുന്നു ഇര്‍ഫാന്‍ പറഞ്ഞത്.
'പാകിസ്താന്റെ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖും എന്റെ അടുത്താണ് ഇരുന്നത്. ഞാന്‍ അദ്ദേഹത്തോട് ഇവിടെ എന്തുതരം ഇറച്ചിയാണ് കിട്ടാറുള്ളതെന്ന് ചോദിച്ചു. പലതരം മൃഗങ്ങളുടെ മാംസം കിട്ടുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പട്ടിയിറച്ചി കിട്ടുമോയെന്ന് ഞാന്‍ റസാഖിനോട് ചോദിച്ചു. എന്താണ് നിങ്ങള്‍ ഇങ്ങനെ ചോദിക്കുന്നതെന്ന് അത്ഭുതത്തോടെ അദ്ദേഹം എന്നോട് ചോദിച്ചു'
'അഫ്രീദി പട്ടിയുടെ ഇറച്ചി കഴിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. അയാള്‍ കുറേനേരമായി കുരയ്ക്കുന്നുണ്ട്', ഞാന്‍ റസാഖിനോട് പറഞ്ഞു. ഇതുകേട്ടതും അഫ്രീദിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല. അഫ്രീദി എന്നോട് എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ തിരിച്ചുപറയുമായിരുന്നു, 'നോക്കൂ, അദ്ദേഹം കൂടുതല്‍ കുരയ്ക്കുകയാണ്'. എന്നാല്‍ ഇതിനുശേഷം അഫ്രീദി ആ യാത്രയിലൊരിക്കല്‍ പോലും മിണ്ടിയിരുന്നില്ല. ഈ സംഭവത്തിന് ശേഷം എന്നോട് വാക്കുകള്‍ കൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് അഫ്രീദിക്ക് മനസ്സിലായിക്കാണും. അതുകൊണ്ടാണ് പിന്നീട് ഒരിക്കല്‍ പോലും അഫ്രീദി എന്നോട് സംസാരിക്കാന്‍ വരാത്തത്', ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Shahid Afridi hits back at Irfan Pathan over viral 'dog meat' remark