
ദോഹ: രാജ്യാന്തര പ്രദര്ശന വിപണന മേളയായ ദോഹ എക്സ്പോയില് സന്ദര്ശകരുടെ തിരക്ക് വര്ധിക്കുന്നതായി റിപ്പോർട്ട്. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്ശന മേളയില് 30 ലക്ഷത്തിലധികം സന്ദര്ശകരെയാണ് പ്രതീക്ഷിക്കുന്നത്. 2024 മാര്ച്ച് 28 വരെയാണ് ദോഹ എക്സപോ പ്രവര്ത്തിക്കുക.
രണ്ടാം തീയതിയാണ് അല് ബിദ പാര്ക്കില് ദോഹ എക്സപോയ്ക്ക് തുടക്കമായത്. ഓരോ ദിവസം കഴിയും തോറും എക്സപോ നഗരിയില് എത്തുന്ന സന്ദര്ശകരുടെ എണ്ണം പതിന്മടങ്ങ് വര്ധിക്കുകയാണ്. എക്സ്പോയുടെ വൈവിധ്യം അുഭവിച്ച് അറിയുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് നിരവധി ആളുകളാണ് ദോഹയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഹരിത മരൂഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തില് സംഘടിപ്പിച്ചിരിക്കുന്ന എക്സ്പോയുടെ ഓരോ ആകര്ഷണങ്ങളും ആസ്വാദകര്ക്ക് വേറിട്ട അനുഭവമാണ് പകര്ന്നു നല്കുന്നത്. ഇന്റര്നാഷണല്, ഫാമിലി, കള്ച്ചറല് എന്നിങ്ങനെ മൂന്ന് സോണുകളാക്കി തിരിച്ചാണ് പ്രദര്ശനം. എല്ലാ തരം പ്രായക്കാരെയും ഒരു പോലെ ആകര്ഷിക്കുന്ന രീതിയിലാണ് എക്സപോയുടെ ക്രമീകരണം.
വിവിധ രാജ്യങ്ങളുടെ പവലിനയനുകളിലേക്ക് സ്വദേശികളും വിദേശികളും ഒരുപോലെ എത്തുന്നുണ്ട്. 88 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഫാമിലി ആംഫി തിയറ്റര്, ജൈവ വൈവിധ്യ മ്യൂസിയം, രുചി വൈവിധ്യങ്ങളുമായി ഫുഡ് കോര്ട്ടുകള്, ഖുറാനിക് ബൊട്ടാണിക്കല് ഗാര്ഡന് അങ്ങനെ ഒട്ടനവധി ആകര്ഷണങ്ങളാണ് ഒരുക്കിയിരിക്കുത്. എല്ലാ ദിവസവും കലാ സാസ്കാരിക പരിപാടികളും അരങ്ങേറുന്നുണ്ട്. ഹമദ് വിമാനത്താവളത്തില് നിന്ന് ടാക്സി, ബസ്, മെട്രോ, ലിമോസിന് എന്നിവ മുഖേന എക്സ്പോ വേദിയിലെത്താനാകും. എക്സപോ നഗരിയിലേക്ക് പ്രത്യേക ബസ് സര്വീസും ഏര്പ്പെടുത്തിയിട്ടുണ്ട്.