ഖത്തർ എക്സ്പോ 2023; സസ്യ-ജന്തുജാലങ്ങളെ അവതരിപ്പിക്കാൻ ജൈവവൈവിധ്യ മ്യൂസിയം

ഒക്ടോബര് രണ്ട് മുതല് 2024 മാര്ച്ച് 28 വരെ ദോഹയിൽ നടക്കുന്ന എക്സ്പോയെ ഖത്തറിലും മിനാ മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്

dot image

ദോഹ: ഖത്തർ എക്സ്പോ 2023ലെ ശ്രദ്ധേയ കേന്ദ്രമായിരിക്കും സമ്പന്നമായ സസ്യജന്തുജാലങ്ങളെയും വൈവിധ്യമാർന്ന സമുദ്രജീവികളെയും പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന ജൈവവൈവിധ്യ മ്യൂസിയമെന്ന് റിപ്പോർട്ടുകൾ. നാഗരികതയുടെ ആധുനിക ജീവിതരീതി നിലനിർത്താനുള്ള ആവശ്യകതയെ അംഗീകരിക്കുന്നതോടൊപ്പം സുസ്ഥിര ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുകയാണ് ലക്ഷ്യമെന്ന് എക്സ്പോയുടെ വെബ്സൈറ്റിൽ പറയുന്നു. പരിസ്ഥിതിശാസ്ത്രവും പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളുടെ പ്രദർശനത്തിനും എക്സ്പോയിൽ പ്രത്യേകം ഇടം നൽകുമെന്ന് സംഘാടകർ വ്യക്തമാക്കി. അതേസമയം, ദോഹയിൽ നടക്കുന്ന എക്സ്പോയിൽ കേന്ദ്ര കാലാവസ്ഥാ വ്യതിയാന സ്ഥിതിവിവരക്കണക്കുകളും പ്രദർശിപ്പിക്കും.

ഹ്രസ്വ-ദീർഘകാല പ്രദർശനങ്ങൾക്ക് ഏറെ അനുയോജ്യമായ വേദിയായിരിക്കും എക്സ്പോയുടെ പ്രധാനപ്പെട്ടവയിൽ ഒന്ന്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വൈവിധ്യമാർന്ന വിനോദ-വിജ്ഞാന പ്രവർത്തനങ്ങൾക്ക് വേദിയാകുന്ന ഫാമിലി ആംഫി തിയറ്ററും ഇവിടെ സ്ഥാപിക്കുന്നുണ്ട്. ഒക്ടോബര് രണ്ട് മുതല് 2024 മാര്ച്ച് 28 വരെ നടക്കുന്ന ഖത്തർ എക്സ് പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 7,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള എക്സിബിഷൻ സെന്റർ എക്സ്പോയുടെ പ്രധാന ആകർഷണമായിരിക്കും.

ഖത്തറിലും മിനാ മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ഖത്തർ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിൽ മരുഭൂരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം. കാർഷിക, ഹരിത വികസന പദ്ധതികൾ നിർദേശിക്കുകയും ചെയ്യും. സെമിനാറുകളും വിവിധ ഫോറങ്ങളും എക്സ്പോയുടെ ഭാഗമായി നടക്കും.

ഖത്തറിന്റെ ഏറ്റവും അനുകൂലമായ കാലാവസ്ഥാ മാസങ്ങളായ ഡിസംബർ, ജനുവരി, ഫെബ്രുവരി കാലയളവിലായിരിക്കും എക്സ്പോ ഉയർന്ന് നിൽക്കുക. 17 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഇന്റർനാഷനൽ സോൺ, ഫാമിലി സോൺ, കൾചറൽ സോൺ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. ആധുനിക കൃഷിരീതികൾ, സാങ്കേതികവിദ്യ, കാർഷികരംഗത്തെ നൂതനാശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നിവക്കായി പ്രത്യേക മേഖലകളാണ് സജ്ജമാക്കുന്നത്. മരുഭൂവൽക്കരണം കുറയ്ക്കുകയും ഹരിതപ്രദേശങ്ങളും കൃഷിഭൂമികളും വർധിപ്പിക്കുകയും ഗൾഫിലെ പരിമിതമായ ജലസ്രോതസ്സുകൾ നിലനിർത്തുകയും ചെയ്യുന്ന എല്ലാ ആഗോള സാങ്കേതിക വിദ്യകളും ആകർഷിക്കാനാണ് ഖത്തർ ശ്രമിക്കുന്നതെന്ന് എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽഖൗരി നേരത്തെ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image