ഖത്തർ എക്സ്പോ 2023; വളണ്ടിയർ സേവനത്തിന് അവസരം

മേളയുടെ സുഗമമായ പ്രവർത്തിനായി 3000 മുതൽ 4000ത്തോളം വളണ്ടിയർമാരെയാണ് ആവശ്യമെന്ന് എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അല് ഖൗറി അറിയിച്ചു

ഖത്തർ എക്സ്പോ 2023; വളണ്ടിയർ സേവനത്തിന് അവസരം
dot image

ദോഹ: ഖത്തര് ഹോര്ട്ടികള്ച്ചര് എക്സ്പോ 2023ന് വളണ്ടിയര്മാരായി സേവനം ചെയ്യാന് താല്പര്യമുള്ളവര്ക്ക് രജിസ്റ്റര് ചെയ്യാന് അവസരം. രണ്ടാഴ്ചക്കകം രജിസ്ട്രേഷന് ആരംഭിക്കുമെന്ന് ദോഹ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അല് ഖൗറി അറിയിച്ചു. മേളയുടെ സുഗമമായ പ്രവർത്തനത്തിനായി 4000ത്തോളം വളണ്ടിയർമാരെയാണ് ആവശ്യം. ദോഹ എക്സ്പോ ഔദ്യോഗിക വെബ്സൈറ്റ്, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി വളണ്ടിയർ രജിസ്ട്രേഷൻ വിവരം അറിയിക്കും. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും വളണ്ടിയർമാരെ തിരഞ്ഞെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ആറുമാസം നീണ്ടു നില്ക്കുന്ന എക്സ്പോ ഒക്ടോബര് രണ്ട് മുതല് 2024 മാര്ച്ച് 28 വരെയാണ്.

കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് ആദ്യമായാണ് ഒരു ഗൾഫ് രാജ്യം വേദിയൊരുക്കുന്നത്. മരുഭൂമിയുടെ മണ്ണിൽ മേളയെത്തുമ്പോൾ പരിസ്ഥിതി സംരക്ഷണവും മരുഭൂവത്കരണത്തിനെതിരായ സന്ദേശവുമെല്ലാം പ്രധാനമായി മാറും. അൽ ബിദ പാർക്ക് വേദിയാകുന്ന ദോഹ എക്സ്പോക്ക് 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇടമാണ് ഒരുക്കുന്നത്. പാർക്കിലെ എക്സ്പോ വേദിയിൽ മൂന്നു മേഖലകളിലായി തിരിച്ചായിരിക്കും വളണ്ടിയർമാരുടെ സേവനങ്ങൾ ക്രമീകരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തോളം സന്ദർശകരെയാണ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്. 80 രാജ്യങ്ങളുടെ പവലിയനുകളാണ് ദോഹ എക്സ്പോയിൽ ഉയരുന്നത്. ഉദ്ഘാടനത്തിന് ഒരു മാസം മുമ്പേ സന്ദർശകരെ സ്വീകരിക്കാൻ എക്സ്പോ നഗരി സജ്ജമാവുമെന്ന് ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അൽ ഖൗറി അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image