
ദോഹ: വേള്ഡ് കപ്പിന് പിന്നാലെ ഖത്തര് നേതൃത്വം വഹിക്കുന്ന അന്താരാഷ്ട്ര പരിപാടിയായ ഹോര്ട്ടികള്ച്ചറല് എക്സ്പോയുടെ നിര്മ്മാണ പ്രവര്ത്തനങ്ങള് പൂര്ത്തീകരിച്ചതായി എക്സ്പോ 2023 ജനറല് സെക്രട്ടറി എഞ്ചി. മുഹമ്മദ് അലി അല്ഖൗരി. 80 രാജ്യങ്ങളുടെ പവിലിയനുകളാണ് ദോഹ എക്സ്പോയിൽ ഉയരുന്നത്. ഉദ്ഘാടനത്തിന് ഒരു മാസം മുമ്പേ സന്ദർശകരെ സ്വീകരിക്കാൻ എക്സ്പോ നഗരി സജ്ജമാവുമെന്ന് ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അൽഖൗരി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് ദശലക്ഷം സന്ദർശകരെയാണ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്. ഖത്തറിലും മിനാ മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ദോഹ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിൽ മരുഭൂരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം. കാർഷിക, ഹരിത വികസന പദ്ധതികൾ നിർദേശിക്കുകയും ചെയ്യും. സെമിനാറുകളും വിവിധ ഫോറങ്ങളും എക്സ്പോയുടെ ഭാഗമായി നടക്കും.
ആറ് മാസം നീണ്ടുനില്ക്കുന്ന ഹോര്ട്ടി കള്ചറല് എകസ്പോ ഒക്ടോബര് രണ്ടിനാണ് തുടങ്ങുന്നത്. മാര്ച്ച് 28നാണ് അവസാനിക്കും. ഖത്തറിന്റെ ഏറ്റവും അനുകൂലമായ കാലാവസ്ഥാ മാസങ്ങളായ ഡിസംബർ, ജനുവരി, ഫെബ്രുവരി കാലയളവിലായിരിക്കും ഏറ്റവും ഉയർന്ന് നിൽക്കുക. 17 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഇന്റർനാഷനൽ സോൺ, ഫാമിലി സോൺ, കൾചറൽ സോൺ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. ആധുനിക കൃഷിരീതികൾ, സാങ്കേതികവിദ്യ, കാർഷികരംഗത്തെ നൂതനാശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നിവക്കായി പ്രത്യേക മേഖലകളും സജ്ജമാക്കുന്നുണ്ട്. മരുഭൂവൽക്കരണം കുറയ്ക്കുകയും ഹരിതപ്രദേശങ്ങളും കൃഷിഭൂമികളും വർധിപ്പിക്കുകയും ഗൾഫിലെ പരിമിതമായ ജലസ്രോതസ്സുകൾ നിലനിർത്തുകയും ചെയ്യുന്ന എല്ലാ ആഗോള സാങ്കേതിക വിദ്യകളും ആകർഷിക്കാനാണ് ഖത്തർ ശ്രമിക്കുന്നതെന്ന് അൽഖൗരി പറഞ്ഞു.