

ഒമാൻ പൗരന്മാർക്ക് സന്തോഷവാർത്തയുമായി ശ്രീലങ്കൻ സർക്കാർ. ഇനി മുതൽ ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരം നടത്തുന്ന ഒമാൻ പൗരന്മാർ വിസ ഫീസ് നൽകേണ്ടതില്ല. ഒമാനിൽ നിന്ന് ശ്രീലങ്കയിലേക്ക് യാത്ര കൂടുതൽ എളുപ്പമാക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. 2026 മെയ് 25 മുതൽ ഒമാൻ പൗരന്മാർക്ക് സൗജന്യ ടൂറിസ്റ്റ് വിസകൾ നൽകാൻ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക ആരംഭിച്ചിട്ടുണ്ട്.
ഒമാൻ പാസ്‌പോർട്ട് ഉള്ളവർ യാത്ര പുറപ്പെടുന്നതിന് മുൻപായി ഓൺലൈൻ വഴി യാത്രാ അനുമതിക്കായി അപേക്ഷിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചുകഴിഞ്ഞാൽ, സന്ദർശകർക്ക് 30 ദിവസം വരെ ശ്രീലങ്കയിൽ തുടരാം. കൂടാതെ വിസ കാലാവധിക്കുള്ളിൽ രണ്ട് തവണ രാജ്യത്തേക്ക് പ്രവേശിക്കാനും അനുവാദമുണ്ട്.
ദക്ഷിണേഷ്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിലേക്ക് ഒമാൻ പൗരന്മാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ അവസരമൊരുക്കുന്നതിനൊപ്പം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ രാജ്യങ്ങളുമായുള്ള യാത്രാബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രീലങ്കയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്രക്കാർക്കായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ, യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ എല്ലാ എൻട്രി നടപടികളും പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. ശ്രീലങ്കയിൽ പ്രവേശിക്കുന്ന തീയതി മുതൽ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുണ്ടായിരിക്കണം. കൂടാതെ, സന്ദർശകർ തങ്ങൾ അവിടെ താമസിക്കുന്ന മുഴുവൻ സമയത്തേക്കുമുള്ള ഹെൽത്ത് ഇൻഷുറൻസും എടുത്തിരിക്കേണ്ടതാണ്.
അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളിൽ ശ്രീലങ്കയിൽ നിന്ന് പോകുകയും പിന്നീട് മടങ്ങിവരുകയും ചെയ്യുന്ന യാത്രക്കാർക്ക് അതേ വിസ അനുമതി പ്രകാരം തങ്ങളുടെ രണ്ടാമത്തെ എൻട്രി ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ഇങ്ങനെ വരുമ്പോൾ പുതിയൊരു 30 ദിവസത്തെ കാലാവധി ലഭിക്കുന്നതിന് പകരം, ആദ്യത്തെ 30 ദിവസത്തെ താമസത്തിൽ ബാക്കിയുള്ള ദിവസങ്ങൾ മാത്രമായിരിക്കും ഇവർക്ക് ലഭിക്കുക.
അനുവദിച്ച സമയ പരിധിക്കപ്പുറം ശ്രീലങ്കയിൽ തുടരാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക്, അതിനായുള്ള ഫീസ് അടച്ചും പ്രാദേശിക ഇമിഗ്രേഷൻ നിയമങ്ങൾ പാലിച്ചുകൊണ്ടും വിസ കാലാവധി നീട്ടാൻ അപേക്ഷിക്കാവുന്നതാണ്. ശ്രീലങ്ക സന്ദർശിക്കാൻ പദ്ധതിയിടുന്ന ഒമാൻ പൗരന്മാർ യാത്രയിലെ താമസ്സങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനായി എല്ലാ യാത്രാ ആവശ്യകതകളും കൃത്യമായി പരിശോധിക്കണമെന്നും യാത്രയ്ക്ക് മുൻപ് തന്നെ ആവശ്യമായ രേഖകളും അനുമതികളും ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
Content Highlights: