ഒമാനിലെ മിന്നല്‍ പ്രളയം; മരിച്ചവരില്‍ പാലക്കാട് സ്വദേശികളായ രണ്ട് മലയാളികളും, ഒരാളെ കാണാതായി

ഇന്നലെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് ഉണ്ടായത്

ഒമാനിലെ മിന്നല്‍ പ്രളയം; മരിച്ചവരില്‍ പാലക്കാട് സ്വദേശികളായ രണ്ട് മലയാളികളും, ഒരാളെ കാണാതായി
dot image

മസ്‌കറ്റ്: ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികള്‍. പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ് (38) ഷംല (32) എന്നിവരാണ് മരിച്ചത്. ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യൂസഫിന്റെ മാതാവ് റംലയെ കാണാതായി. ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു. നാല് കുട്ടികളുള്‍പ്പെടെ ആറുപേര്‍ രക്ഷപ്പെട്ടു. നിസാന്‍ പട്രോള്‍ കാര്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെടുകയായിരുന്നു. കാര്‍ പ്രളയജലത്തില്‍ പെട്ട് ഒഴുകിപ്പോവുകയായിരുന്നു. ഇന്നലെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് ഉണ്ടായത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മരണവിവരം ഇന്നലെ തന്നെ പുറത്തുവന്നിരുന്നെങ്കിലും ഇവര്‍ മലയാളികളാണ് എന്ന് ഇന്നാണ് സ്ഥിരീകരിച്ചത്.

മണിക്കൂറില്‍ 155 കി.മി വരെ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ തീരദേശ മേഖലകളില്‍ വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നുവീണിരുന്നു. മസ്‌കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ പൂര്‍ണമായും വെളളത്തിനടിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് മസ്‌കത്തിലെ അമറാത്ത്- ബൗഷര്‍ മലമ്പാത പൊലീസ് താല്‍ക്കാലികമായി അടച്ചു. മുസന്ദം, അല്‍ ബുറൈമി, അള്‍ ദാഹിറ, നോര്‍ത്ത് അല്‍ ബത്തിന എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും പ്രളയസാധ്യതയും നിലനില്‍ക്കുന്നുണ്ട്. മഴക്കെടുതി നേരിടാന്‍ സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും ആംബുലന്‍സ് വിഭാഗവും രാജ്യത്തുടനീളം സജ്ജമായിട്ടുണ്ട്.

Content Highlights:Lightning flash floods in Oman; Two Malayalis from Palakkad among the dead, one missing

dot image
To advertise here,contact us
dot image