ഇഫ്താറിന് മുമ്പുള്ള സമയങ്ങളിൽ വാഹനങ്ങളുടെ വേ​ഗത കൂടുന്നു; ​മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

റമദാന്‍ മാസം ആരംഭിച്ചതോടെ ഒമാനിലെ റോഡുകളില്‍ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍

ഇഫ്താറിന് മുമ്പുള്ള സമയങ്ങളിൽ വാഹനങ്ങളുടെ വേ​ഗത കൂടുന്നു; ​മുന്നറിയിപ്പുമായി ഒമാൻ പൊലീസ്
dot image

ഒമാനില്‍ ഇഫ്താറിന് മുമ്പുള്ള സമയങ്ങളില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഗതാഗത നിയമങ്ങള്‍ പാലിച്ച് എല്ലാവരും വാഹനം ഓടിക്കണമെന്നും ഇഫ്താറിന് മുമ്പ് വീട്ടിലെത്തുന്നതിനായി യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

റമദാന്‍ മാസം ആരംഭിച്ചതോടെ ഒമാനിലെ റോഡുകളില്‍ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍. ഇഫ്താര്‍ സമയത്തിന് മുമ്പ് വീട്ടിലെത്താനുള്ള തിരക്കിലാണ് പലരും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത്. ഇത്തരം തെറ്റായ പ്രവണതകള്‍ മൂലം അപകടങ്ങളുടെ എണ്ണവും കൂടുകയാണ്. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അമിത വേഗതയും അശ്രദ്ധയും പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകും.

നോമ്പ് കാലത്തെ ക്ഷീണവും ഉറക്കക്കുറവും ഡ്രൈവിംഗിനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. സ്വന്തം സുരക്ഷക്കൊപ്പം മറ്റ് യാത്രക്കാരുടെ സുരക്ഷയും പ്രധാനമാണ്. കൃത്യമായ വിശ്രമത്തിന് ശേഷം മാത്രം വാഹനമോടിക്കണമെന്നും നിശ്ചിത വേഗപരിധി ലംഘിക്കരുതെന്നും പൊലീസ് ഓര്‍മിപ്പിച്ചു. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്നും മറ്റ് വാഹനങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിക്കണമെന്നും സിഗ്‌നലുകള്‍ കൃത്യമായി പിന്‍തുരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇഫ്താര്‍ സമയം കണക്കുകൂട്ടി നേരത്തെ യാത്രകള്‍ പ്ലാന് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. തിരക്കുണ്ടെങ്കിലും റോഡ് ക്രോസിംഗിനായി നിശ്ചിത പാതകള്‍ മാത്രം ഉപയോഗിക്കണമെന്ന് കാല്‍നടയാത്രക്കാരോടും പൊലീസ് ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വിവിധ റോഡുകളില്‍ നിരീക്ഷവും ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Oman Police issue warning over rising vehicle speeds before Iftar during Ramadan, urging strict adherence to traffic rules to prevent accidents.

dot image
To advertise here,contact us
dot image